ഇരിട്ടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം
1590644
Thursday, September 11, 2025 12:53 AM IST
ഇരിട്ടി : അടച്ചിട്ട വീടിന്റെ പൂട്ടുതകർത്ത് മോഷ്ടിക്കാൻ കയറിയ കള്ളന് ഏറെ നേരം വീടിനകത്ത് അരിച്ചുപെറുക്കിയിട്ടും ഒന്നും ലഭിക്കാതെ മടങ്ങി. ഇരിട്ടി നേരംപോക്ക് താലൂക്ക് ആശുപത്രി റോഡിലെ ഖാദി വത്രാലയത്തിന് മുൻവശമുള്ള ജഗൻ നിവാസിൽ ജഗന്മയന്റെ തറവാട്ടു വീട്ടിൽ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവിനാണ് അക്കിടി പറ്റിയത് .
ചൊവ്വാഴ്ച രാത്രിയിൽ വീടിന്റെ മുൻഭാഗത്തെ കതകിന്റെ പൂട്ട് പിക്കാസു കൊണ്ട് പൊളിച്ചാണ് അകത്തു കടന്നത്.
പൊളിക്കാൻ ഉപയോഗിച്ച പിക്കാസിന്റെ കൈപ്പിടി പൊട്ടിയതോടെ വീടിനകത്തെ മേശപ്പുറത്ത് ഉപേക്ഷിച്ചു. പിന്നീട് വീട്ടിനകത്തെ അലമാര, മേശ ഉൾപ്പെടെ പൂട്ട് പൊളിച്ച് സാധനങ്ങളെല്ലാം വലിച്ചുവാരി നിലത്തിടുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇരിട്ടി കാരുണ്യ ആശുപത്രിയുടെ ഫാർമസിയിലെ ജീവനക്കാരനായ ജഗന്മയൻ ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമാണ് ഇവിടെ താമസിക്കാറുള്ളത്. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണുന്നത്. ഉടൻ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.