പറശിനിക്കടവ്-മാട്ടൂല്‍ റൂട്ടില്‍ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് സര്‍വീസ്
1591206
Saturday, September 13, 2025 2:10 AM IST
കണ്ണൂർ: പറശിനിക്കടവ് -അഴീക്കല്‍- മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍മിച്ച് ആലപ്പുഴയില്‍നിന്നു അഞ്ച് ദിവസം യാത്ര ചെയ്ത് അഴീക്കല്‍ തുറമുഖത്ത് എത്തിയ ബോട്ടുകള്‍ കെ.വി. സുമേഷ് എംഎല്‍എ സന്ദര്‍ശിച്ചു.
ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കുന്നതിനൊപ്പം പാസഞ്ചര്‍ കം ടൂറിസം എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബോട്ടുകള്‍ തയാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. ഇരുബോട്ടുകളിലും അല്പദൂരം യാത്രചെയ്ത എംഎല്‍എ ബോട്ടുകളിലെ ഇരട്ട എന്‍ജിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിലയിരുത്തി.
ജില്ലയില്‍ തന്നെ ഏറ്റവുമധികം പേര് ആശ്രയിക്കുന്ന പ്രധാന ബോട്ട് സര്‍വീസായ അഴീക്കല്‍ - മാട്ടൂല്‍ ഫെറി- പറശിനിക്കടവ് അഴീക്കല്‍- മാട്ടൂല്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനും കാലപ്പഴക്കം സംഭവിക്കുന്ന മരബോട്ടുകള്‍ മാറ്റി ആധുനിക നിലവാരമുള്ള സോളാര്‍ ബോട്ടുകളും കാറ്റമറൈൻ ബോട്ടുകളും അനുവദിക്കണമെന്നും കെ.വി. സുമേഷ് എംഎല്‍എ 2024 ലെ നിയമസഭ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അടുത്ത ദിവസം തന്നെ ബോട്ടുകള്‍ പറശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ എത്തുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍, എം.വി. ഗോവിന്ദന് എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്ന് സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് ആറ് ഹള്ളുകള്‍ ഉള്ളതാണ് ബോട്ടുകള്‍. ആറ് ഹള്ളുകളില് ഏതെങ്കിലും ഒന്നില്‍ വെള്ളം കയറിയാല്‍ അലാറം ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ വെള്ളം നീക്കം ചെയ്യാനും സാധിക്കും.
ഇരട്ട എന്‍ജിനുകള്‍,ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ആഴം അറിയാനുള്ള എക്കോ സൗണ്ട്, മ്യൂസിക് സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകം ടോയ്ലറ്റ് സംവിധാനവും ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. ഒരേസമയം 100 യാത്രക്കാര്‍ക്കും അഞ്ചു ജീവനക്കാര്‍ക്കും ബോട്ടില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ഐആർഎസ് സര്‍ട്ടിഫിക്കറ്റ് ബോട്ടുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്നിലും പിറകിലും യാത്രക്കാര്‍ക്ക് നിന്നു കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന ഡെക്കുകളാണ് ബോട്ടുകളുടെ മുഖ്യ ആകര്‍ഷണം. ഇരുവശത്തും ഗ്ലാസുകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് ഇരുന്നും കാഴ്ചകള്‍ കാണാനാകും. മുകളില്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാഴ്ചകള്‍ കാണാനും യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ലഭ്യമാകു ന്നത്. രാവിലെ 6.30 മുതല്‍ രാത്രി 7.30 വരെയാണ് സര്‍വീസ് നടത്തുക. രാവിലെ 9.30 ന് പറശിനിക്കടവില്‍ തുടങ്ങുന്ന സര്‍വീസ് വളപട്ടണം അഴീക്കല്‍ മാട്ടൂല്‍ തിരിച്ച് ഉച്ചയ്ക്ക് ഒന്നിന് പറശിനിക്കടവ് എത്തും. ഒന്നരമണിക്കൂര്‍ യാത്രയ്ക്ക് 60 രൂപയാണ് ഈടാക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് പറശിനിക്കടവ് മുതല്‍ വളപട്ടണം വരെയുള്ള സര്‍വീസിന് 40 രൂപയാണ് ചാര്‍ജ്.
വിദ്യാര്‍ഥികള്‍ക്ക്
പഠനയാത്രകള്‍
ദിവസേന 50 ഓളം വിദ്യാര്‍ഥികളാണ് ഇതുവഴി ബോട്ട് സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. ഇവര്‍ക്ക് പാസ് ഉള്‍പ്പെടെ നല്കി യാത്ര ഇളവും ലഭ്യമാക്കുന്നുണ്ട്. ബോട്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയ തോടെ സ്കൂളില്‍നിന്നും പഠനയാത്രയ്ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്കും സര്‍വീസ് നല്‍കാനാകും. 9847210511, 9447458867 നമ്പറുകളില്‍ പ്രീ ബുക്കിംഗുകള്‍ ചെയ്ത് വിനോദയാത്രകള്‍ നടത്താം.