വീട്ടിലേക്ക് വഴി വേണം; കളക്ടറേറ്റിന് മുന്നിൽ നില്പു സമരവുമായി വിധവയായ വീട്ടമ്മ
1590948
Friday, September 12, 2025 1:43 AM IST
കണ്ണൂർ: വീട്ടിലേക്കുള്ള വഴി ശരിയാക്കി തരാമെന്ന് പറഞ്ഞു പണം വാങ്ങിയതിന് ശേഷം അയൽവാ സികൾ ചതിച്ചതായി കാണിച്ചു വിധവയായ വയോധിക കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നില്പു സമരം നടത്തി. പായം പഞ്ചായത്തിലെ കിളിയന്തറ മുപ്പത്തിരണ്ടാം മൈലിലെ അച്ചാമ്മ ആന്റണിയാണ് ഇന്നലെ രാവിലെ മുതൽ കളക്ടറേറ്റിനു മുന്നിൽ ഒറ്റയാൾ നില്പു സമരം നടത്തിയത്. താൻ വാർധ്യക്യ സഹജമായ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയാണെന്നും മൂന്ന് സെന്റ് സ്ഥലത്തുള്ള ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്നും അവർ പറഞ്ഞു.
വീട്ടിലേക്ക് സ്ഥിരമായി നടന്നു പോകുന്ന ഏക വഴി ശരിയാക്കിത്തരാമെന്നു പറഞ്ഞ് അയൽവാസി കളായ മൂന്നുപേർ ചേർന്ന് പണം പിരിക്കുകയും എന്നാൽ അവരുടെ സൗകര്യത്തിനു വേണ്ടി തന്റെ വീട്ടിലേക്കുള്ള വഴി അടച്ചു കോൺക്രീറ്റ് ചെയ്തു വഴി മുടക്കുകയുമായിരുന്നു. ഇതോടെ താൻ കുടിവെള്ളം എടുക്കുന്ന അയൽവാസിയുടെ വീട്ടിൽ പോകാൻ പോലും ഇപ്പോൾ ഗോവണി വച്ച് കയറുകയും ഇറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണെന്നും അവർ പറയുന്നു.ഈ വിഷയം ചൂണ്ടിക്കാട്ടി പായം പഞ്ചായത്ത് പ്രസിഡന്റിനും കളക്ടർക്കും പരാതി നല്കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഒറ്റയാൾ സമരവുമായി രംഗത്തിറങ്ങിയതെന്നും അച്ചാമ്മ പറഞ്ഞു.