കാട്ടുപന്നി ഏക്കറു കണക്കിന് കൃഷി നശിപ്പിച്ചു
1590951
Friday, September 12, 2025 1:43 AM IST
ഇരിട്ടി: വളോര, വട്ടക്കയം, പന്നിമൂല ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. പന്നിക്കൂട്ടം നെല്ല്, വാഴ, പച്ചക്കറി, മരച്ചീനി എന്നീ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. വളോരയിലെ പി.കെ. ബിജുവിന്റെ രണ്ട് ഏക്കറോളം വരുന്ന നെൽകൃഷിയാണ് പൂർണമായും നശിപ്പിച്ചു.
പി.കെ. സജേഷിന്റെ മൂന്ന് ഏക്കറിലധികം വരുന്ന പച്ചക്കറി കൃഷി, സുരേഷ്, ബിജു, അനിൽകുമാർ, അസൈനാർ, ഇബ്രാഹിം കുട്ടി, പ്രശാന്തൻ, വിജയൻ, തമ്പാൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ കാർഷിക വിളകളും നശിപ്പിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ഇതിനെതിരേ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നഗരസഭയിൽ പന്നികളെ വെടിവച്ച് കൊല്ലാന്് തോക്ക് ലൈസൻസുള്ളവർ ഉണ്ടെങ്കിലും ഇവർക്ക് വേതനം നൽകാനുള്ള സംവിധാനമില്ല, നേരത്തെ രണ്ടു തവണ പന്നികളെ വെടിവെക്കാൻ എത്തിയ ഷൂട്ടർമാരുടെ വേതനവും ഇതുവരെ നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.