പത്ത് പുസ്തകങ്ങളിലൂടെ സഞ്ജയനെ പരിചയപ്പെടുത്തി രമേശൻ ബ്ലാത്തൂർ
1591208
Saturday, September 13, 2025 2:10 AM IST
സ്വന്തം ലേഖകൻ
ശ്രീകണ്ഠപുരം: ചിരിയും ചിന്തകളുമായി മലയാളികളെ സ്വാധീനിച്ച സാഹിത്യകാരൻ മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ) എന്ന സഞ്ജയനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി തന്റെ സാഹിത്യ പ്രവർത്തനം നീക്കിവച്ച ഒരാളുണ്ട് കണ്ണൂരിൽ. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രമേശൻ ബ്ലാത്തൂർ എന്ന സാഹിത്യകാരൻ. ചെറിയ പ്രായം മുതലേ സഞ്ജയനെ വായിച്ചറിഞ്ഞതോടെ രമേശൻ ബ്ലാത്തൂരിന്റെ ഹൃദയത്തിൽ ഇദ്ദേഹം ഇടം പിടിക്കുകയായിരുന്നു.
പത്തു വർഷത്തിലേറെയുള്ള ശ്രമഫലമായാണ് സഞ്ജയനെ ക്കുറിച്ച് പത്തു പുസ്തകങ്ങൾ ഇദ്ദേഹം തയാറാക്കിയത്. 10 നിരൂപകരായ അവതാരകർ, 10 കാർട്ടൂണിസ്റ്റുകൾ എന്നിവ പുസ്തകങ്ങളെ വ്യത്യസ്ഥമാക്കുന്നു. അയ്യോ കവിത, രുദ്രാക്ഷ മാഹാത്മ്യം, വന്ദേ ഭാര്യാമാതരം, ഞാൻ കുട്ടിച്ചാത്തനായിരുന്നെങ്കിൽ, പൊടിപറ്റുകളും പൊടിപാറ്റികളും, ഇൻജക്ഷൻ, ആളില്ലാത്ത പൊതുയോഗം, ശുനകഗീതം, സഖാവിന്റെ ബീച്ച്, ഹാസ്യാഞ്ജലി എന്നീ പേരുകളിലാണ് പുസ്തകങ്ങൾ ഇറക്കിയത്. ചെമ്മനം ചാക്കോ, എൻ.ശശിധരൻ, പ്രഭാകരൻ പഴശി, ഇ.പി.രാജഗോപാലൻ, എം.കെ.സാനു, ഡോ.പി.കെ.രാജശേഖർ ,ഡോ.ഇ.സർദാർകുട്ടി, ഡോ. മ്യൂസ് മേരി, ഡോ.എം.ജി.എസ്.നാരായണൻ, ഡോ. സുകുമാർ അഴീക്കോട് എന്നിവരാണ് അവതാരിക എഴുതിയത്.
ഇന്ന് നമുക്ക് ഏറെ പരിചിതമായ ട്രോളുകളും ഫലിത ബിന്ദുക്കളും പാരഡികളും കാർട്ടൂണുകളും സാഹിത്യത്തിലൂടെ ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തി അതുല്യ പ്രതിഭയായിരുന്നു സഞ്ജയൻ. 1903 ജൂൺ 13ന് തലശേരി ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായി ജനിച്ച സഞ്ജയൻ സാഹിത്യ ലോകത്ത് ഹാസ്യസാഹിത്യം എന്ന പുതുവഴി വെട്ടി എഴുത്തുകാരനായിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ, മേനി നടിക്കുന്ന സാഹിത്യകാരൻമാർ രാഷ്ട്രീയക്കാർ,ഭരണാധികാരികൾ തുടങ്ങിയവരെല്ലാം സഞ്ജയന് തന്റെ ഹാസ്യായുധത്തിലൂടെ കീറി മുറിച്ചിരുന്നു. നാൽപതാമത്തെ വയസിൽ മരണത്തിന് കീഴടങ്ങിയ സഞ്ജയന്റെ രചനകൾ ശുദ്ധ ഹാസ്യത്തെ സ്നേഹിക്കുന്നവർക്ക് ഇന്നും അമൂല്യ നിധിയാണ്.
‘സഞ്ജയനെ
പുതുതലമുറ
അറിയണം’
ആധുനിക തലമുറ സഞ്ജയനെ മനസിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെക്കുറിച്ച് പുസ്തകങ്ങൾ തയാറാക്കിയത്. മുഴുവൻ സമയവും മൊബൈലിൽ തലപൂഴ്ത്തി കഴിയുന്നവർ കൂടി സഞ്ജയനെ അറിയുകയും മനസിലാക്കുകയും വേണമെന്ന ആഗ്രഹമാണ് പുസ്തകങ്ങൾ ഒരുക്കാൻ പ്രേരണയായത്. സ്കൂൾ പഠനകാലത്ത് രുദ്രാക്ഷ മാഹാത്മ്യം പാഠപുസ്തകത്തിൽ വായിച്ചാണ് രമേശൻ ബ്ലാത്തൂർ ആദ്യമായി സഞ്ജയനെ പരിചയപ്പെടുന്നത്. പലപ്പോഴും ലൈബ്രറികളിൽ അന്വേഷിച്ചപ്പോൾ സഞ്ജയന്റെ സമ്പൂർണ കൃതികൾ പലയിടത്തും കിട്ടാനില്ലായിരുന്നു.
ആ സമയത്തു തന്നെയാണ് ജ്യേഷ്ഠൻ രവീന്ദ്രന്റെ പുസ്തക അലമാരിയിൽ നിന്നും സഞ്ജയന്റെ ഒരു സമാഹാരം ലഭിച്ചത്. ഇതാണ് സഞ്ജയൻ വായനയിലേക്ക് വഴി തുറന്നത്. സഞ്ജയന്റെ കൃതികൾക്ക് വേണ്ടിയുള്ള അന്വേഷണം നിരാശാജനകമായിരുന്നു. അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് സഞ്ജയൻ പത്രാധിപരായിരുന്ന കേരളപത്രികയുടേയോ, സഞ്ജയൻ എന്ന മാസികയുടേയോ പ്രതികൾ സാഹിത്യ അക്കാദമിയിലോ, തൃപ്പൂണിത്തറ ആർക്കൈവ്സിലോ, കോഴിക്കോട് പ്രസിലോ ഒന്നും കിട്ടാനില്ലായിരുന്നു. നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രഭാഷകൻ വാണിദാസ് എളയാവൂരിന്റെ കൈവശം കോപ്പികളുണ്ടെന്ന് അറിയുന്നത്. അത് കൂടാളിയിലെ താഴത്തുവീട്ടിലെ സഹദേവൻ എന്ന എഴുത്തുകാരന്റെ ശേഖരത്തിൽ ഉള്ളാണെന്നും അറിഞ്ഞു. അങ്ങനെയാണ് സഞ്ജയൻ മാസികയുടെ പ്രതികൾ തനിക്ക് ലഭിച്ചത്