ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ: മികച്ച നേട്ടവുമായി ജില്ല; മട്ടന്നൂരില്‍ 100 മേനി
1590945
Friday, September 12, 2025 1:43 AM IST
കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന് ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ 83.42 ശതമാനം വിജയവുമായി ജില്ലയ്ക്ക് മികച്ച നേട്ടം. നൂറുശതമാനം വിജയം കൈവരിച്ച് മട്ടന്നൂര്‍ പഠനകേന്ദ്രം ജില്ലയില്‍ ഒന്നാമതെത്തി.
കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ രഹന കക്കറയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ലയില്‍ 923 പേര് പരീക്ഷ എഴുതിയതില്‍ 770 പേര് വിജയിച്ചു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 25 പേരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 34 പേരും വിജയിച്ചു.
71 വയസുള്ള കണ്ണൂര്‍ കോര്‍പറേഷനിലെ പി. ഓമനയാണ് ഏറ്റവും പ്രായമുള്ള പഠിതാവ്.
ഇരിട്ടി കീഴൂര്‍ പഠന കേന്ദ്രം 53, കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍- 57, മാത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ -25, പേരാവൂര്‍-64, ഇരിക്കൂര്‍ -41, മട്ടന്നൂര്‍ - 45, കണിയന്ചാല് - 36, പാനൂര്‍ - 40, പള്ളിക്കുന്ന് -49, തളിപ്പറമ്പ്- 67, മാടായി -82, തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ -59, കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ -72, തലശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍- 24, മൗവ്വഞ്ചേരി-30, സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എളയാവൂര് -26 എന്നിങ്ങനെ യാണ് വിവിധ പഠനകേന്ദ്രങ്ങളിലെ വിജയികളുടെ എണ്ണം.
വിജയികളില്‍ നഗരസഭാധ്യക്ഷ ഉൾപ്പെടെ എട്ട് ജനപ്രതിനിധികളും
കണ്ണൂർ: ഹയര്‍ സെക്കഡറി തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടി ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന മേധാവികളും ജനപ്രതിനിധികളുമടക്കം എട്ടുപേർ. ഇരിട്ടി മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, ഇരിട്ടി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോയ കാരായി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, , ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സിജ, പാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.നസീല, തളിപ്പറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.പി.സജീറ, പടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സുനിത എന്നിവരാണ് മികച്ച വിജയം നേടിയ ജനപ്രതിനിധികൾ. ഇരിക്കൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ടി.പി. ജുനൈദും തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടി.