പരിയാരംകുന്നിലെ ആത്മീയ കേന്ദ്രം; മദര്‍ഹോം ധ്യാനകേന്ദ്രം വാര്‍ഷികം ഇന്ന്
1591207
Saturday, September 13, 2025 2:10 AM IST
പരിയാരം: മദര്‍ഹോം ധ്യാനകേന്ദ്രം ഇരുപത്തിയൊന്നാം വാര്‍ഷികവും രാപ്പകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും ഇന്നു രാവിലെ 7.30 തിന് മദർ ഹോമിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പരിപാടി. ശുശ്രൂഷകൾക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കും.
മദർ ഹോം ഡയറക്ടർ ഫാ. ബെന്നി പുത്തൻനടയിൽ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മൈക്കിള്‍ മഞ്ഞക്കുന്നേല്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. പോള്‍ പുലിമലയില്‍, ഫാ.തോമസ് പാറേക്കാട്ടില്‍ എന്നിവരും ശുശ്രൂഷയിൽ പങ്കാളിയാകും.
ആത്മീയ നിറവിൽ
മൂന്നു ലക്ഷം പേർ
2004 സെപ്റ്റംബർ എട്ടിന് തലശേരി അതിരൂപതയിലെ ധ്യാനഗുരുവായ ഫാ. മാത്യു ആശാരിപറമ്പിലാണ് മദര്‍ ഹോം ധ്യാനകേന്ദ്രത്തിന് തുടക്കം കുറിച്ചത്. 21 വർഷത്തിനിടെ ഏകദേശം മൂന്നുലക്ഷം പേർ ഇവിടെ ധ്യാനത്തിനെത്തി. മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ധ്യാനവും ശുശ്രൂഷകളും നടത്തുന്നുണ്ട്.
പൗർണമി പ്രാർഥന, സിസ്റ്റേഴ്സ് ധ്യാനം, ആത്മീയ ഉപദേശം, വൈദികരുടെ ധ്യാനം, ആന്തരിക-ശാരീരിക സൗഖ്യധ്യാനം, തപസ് ധ്യാനം, കുട്ടികൾക്കുള്ള ധ്യാനങ്ങൾ, ഏകദിന കൺവൻഷനുകൾ, അഖണ്ഡ പ്രാർഥന, ജപമാല റാലി, മരിയൻ പദയാത്ര, പരിശുദ്ധ മറിയത്തിന്റെ തിരുനാളാഘോഷം തുടങ്ങിയവയാണ് പ്രധാന ധ്യാനങ്ങളും ശുശ്രൂഷകളും. കിടപ്പുരോഗികൾക്കും ധ്യാനത്തിനുള്ള സൗകര്യമുണ്ട്. രണ്ടാം ശനിയാഴ്ചകളിലാണ് വചനപ്രഘോഷണവും സൗഖ്യശുശ്രൂഷയും. എല്ലാ ശനിയാഴ്ചയും കൗൺസിലിംഗ് സൗകര്യവും ഉണ്ടായിരിക്കും.
മാസത്തിൽ രണ്ടു മലയാളം ധ്യാനം, ഒരു കന്നഡ ധ്യാനം, ഇംഗ്ലീഷ് ധ്യാനം എന്നിവയുണ്ടായിരിക്കുമെന്ന് മദർഹോം ഡയറക്ടർ ഫാ. ബെന്നി പുത്തൻനടയിൽ പറഞ്ഞു. എല്ലാ ശനിയാഴ്ചകളിലും കൺവൻഷനുകളും ഉണ്ട്. കൂടാതെ സ്പെഷൽ ധ്യാനങ്ങളും ഉണ്ടാകുമെന്നും ഡയറക്ടർ അറിയിച്ചു.