136 പേരെ രക്ഷകരാക്കി ജലസുരക്ഷാ കാമ്പയിന് സമാപിച്ചു
1591699
Monday, September 15, 2025 1:59 AM IST
പയ്യന്നൂര്‍: ഏഴ് ഘട്ടങ്ങളിലായി കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ ചാള്സണ് സ്വിമ്മിംഗ് അക്കാദമി ഏഴിമല എകെജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവന്ന ജല സുരക്ഷാ കാമ്പയിന് സമാപിച്ചു. 136 പേര്‍ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ള ജീവന് രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കിയാണ് കാമ്പയിൻ സമാപിച്ചത്.
ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂലൈ 25-നാണ് കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജല സുരക്ഷാ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഏഴ് ഘട്ടങ്ങളിലായാണ് കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിശീലനങ്ങള്‍ ഡോ. ചാള്സണ് ഏഴിമലയ്ക്കൊപ്പം നടന്നത്. തിരുവനന്തപുരം വിന്നര്ലാൻഡ് സ്പോട്സ് അക്കാദമിയുടെയും ഭാരതീയ ലൈഫ് സേവിംഗ് സൊസൈറ്റിയുടെയും ചീഫ് ട്രെയിനര്‍ ഡോ. ബി. സാനുവും പരിശീലനങ്ങള്‍ക്ക് നേതൃത്വം നൽകി.
രണ്ട് കിലോമീറ്റര്‍ കായല്‍ ക്രോസിംഗ് നീന്തല്‍, കയാക്കിംഗ് പരിശീലനം, നാടന്‍ വള്ളം തുഴയല്‍, യന്ത്രവല്‍കൃത യാനങ്ങളില്‍ പരിശീലനം, ജീവന് രക്ഷാപ്രവര്‍ത്തന പരിശീലനം, സിപിആര്‍ ഉള്‍പ്പെടെയെയുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയിലാണ് ഈ ദിവസങ്ങളില്‍ പരിശീലനം നല്‍കിയത്.
ശാരീരിക, മാനസിക പരിമിതികളുള്ള ആറുവയസുകാരന് മുതല്‍ അന്‍പതുകാരി വരെയുള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സമാപന പരിപാടിയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനന് എംഎല്‍എ നിര്‍വഹിച്ചു. ഡോ. ചാള്സണ് ഏഴിമല, വാര്‍ഡ് മെമ്പര്‍ കെ.പി. ദിനേശന്, ഒ.കെ. ശശി, സി.ഡി. ഷിജൊ, പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.