രാജ്യത്ത് മതേതരത്വ-പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു: കത്തോലിക്ക കോൺഗ്രസ്
1591705
Monday, September 15, 2025 1:59 AM IST
തലശേരി: ഇന്ത്യൻ ഭരണഘടനയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന രീതിയിൽ മതേതരത്വ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ഓരോ പൗരന്റെയും അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യപ്പെടുന്ന അതീവ പ്രതിസന്ധിഘട്ടമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്കപ്പ് മർദനത്താലും വന്യജീവികളാലും തെരുവ് നായ്ക്കളാലും പൗരന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനൊപ്പം മൃഗങ്ങളോടുള്ള പരിഗണന പോലും മനുഷ്യന് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. നീതി നിഷേധത്തിനെതിരെ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 മുതൽ 24 വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പൗരാവകാശ സംരക്ഷണ ജാഥ നടത്തുമെന്നു പ്രഫ. രാജീവ് കൊച്ചുപറന്പിൽ അറിയിച്ചു.
ഒട്ടനവധി നീതി നിഷേധങ്ങളും പൗരാവകാശം ലംഘനങ്ങളും മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചൂണ്ടിക്കാട്ടിയാണ് പൗരാവകാശ സംരക്ഷണ ജാഥ നടത്തുന്നതെന്നു ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ വ്യക്തമാക്കി. കാസർഗോഡ് പനത്തടിയിൽ ഒക്ടോബർ 13 ന് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ജാഥ ഉദ്ഘാടനം ചെയ്യും.
24 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ വൻ റാലിയോടെ സമാപിക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി തലശേരി അതിരൂപതയിലെ ആറ് കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് പൗരാവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് പറഞ്ഞു.
ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ആലക്കോട് മേഖല ഡയറക്ടർ ഫാ. ജിബിൻ വട്ടംകാട്ടേൽ, ഗ്ലോബൽ ഭാരവാഹികളായഷീജ കാറുകുളം, പീയൂസ് പറയിടം, ബെന്നി പുതിയാമ്പുറം, ഐ.സി.മേരി, ടോമി കണയങ്കൽ, സെബാസ്റ്റ്യൻ ജാതികുളം, ബേബി കോയിക്കൽ, ജയ്സൺ അട്ടാറിമാക്കൽ, ജോളി ജോസഫ് എരിഞ്ഞേരിയിൽ, തോമസ് വർഗീസ് വരമ്പുങ്കൽ, ബിജു ഒറ്റപ്ലാക്കൽ, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ഷാജൻ, ജോസഫ് മാത്യു കൈതമറ്റം, ബിജു മണ്ഡപത്തിൽ, മാത്യു വള്ളോംകോട്ട് എന്നിവർ പ്രസംഗിച്ചു.