കഥകളി മഹോത്സവത്തിന് തിരി തെളിഞ്ഞു
1591701
Monday, September 15, 2025 1:59 AM IST
ഇരിട്ടി: കഥകളിയുടെ ജന്മനാട്ടിൽ നടക്കുന്ന സൗത്ത് സോൺ കഥകളി ഉത്സവത്തിന് മൃദംഗ ശൈലേശ്വരി ക്ഷേത്രമുറ്റത്ത് തിരിതെളിഞ്ഞു. കേന്ദ്ര സാംസ്ക്കാരിക വകുപ്പ് തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ചാണ് ഏട്ടു ദിവസം നീണ്ടുനിൽക്കുന്ന കഥകളി ഉത്സവം നടത്തുന്നത്.
പ്രശസ്ത കഥകളി നടൻ സദനം ബാലകൃഷ്ണൻ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ കൾച്ചർ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, ക്ഷേത്രം ചെയർമാൻ എ. കെ. മനോഹരൻ, മെമ്പർമാരായ പ്രേമരാജൻ, പി. നാരായണൻ, രഘു എന്നിവർ പങ്കെടുത്തു. കോട്ടയത്ത് തമ്പുരാന്റെ നാട്ടിൽ നടക്കുന്ന കഥകളി ഉത്സവത്തിൽ തമ്പുരാന്റെ വിഖ്യാത ആട്ടക്കഥകളാണ് പൂർണ രൂപത്തിൽ അരങ്ങേറുന്നത്. കഥകളി രംഗത്തെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരന്മാർ ഉത്സവത്തിന്റെ ഭാഗമാകും.