റൺ പാലക്കയംതട്ട്; ഫ്ലാഷ് മോബുമായി മണിക്കടവ് സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ
1591460
Sunday, September 14, 2025 1:52 AM IST
ചെമ്പേരി: പയ്യാവൂരിൽ നിന്ന് പുലിക്കുരുമ്പയിലേക്ക് നടന്ന മിനി മാരത്തണിന്റെ ഭാഗമായ പതിനെട്ട് വയസിൽ താഴെയുള്ളവരുടെ "ഫൺ റണ്ണിൽ' ശ്രദ്ധേയമായ പങ്കാളിത്തവുമായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
75 വിദ്യാർഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പുലർച്ചെ അഞ്ചോടെ തന്നെ മിനി മാരത്തണിന്റെ സ്റ്റാർട്ടിംഗ് പോയിന്റായ പയ്യാവൂരിൽ എത്തിച്ചേർന്നത്. ഇവർ ചിയർ ഡാൻസോടു കൂടി മത്സരാർഥികളെ സ്വീകരിച്ചു.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സ്കൂളും സെന്റ് തോമസാണ്. വിദ്യാർഥികൾ ഫ്ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശ പ്രചരണങ്ങളും നടത്തി. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ, പ്രകൃതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ മാരത്തണിൽ പങ്കാളികളായത്.
അക്കാഡമിക് രംഗത്തും കല, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലും മുന്നേറ്റം നടത്തിവരുന്ന മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാരത്തണിലെ പങ്കാളിത്തത്തിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുമാണ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്.