മണൽ കടത്തിയ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി
1591461
Sunday, September 14, 2025 1:52 AM IST
പഴയങ്ങാടി: മാട്ടൂലിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോയ പുഴ മണൽ പഴയങ്ങാടി എസ്ഐ കെ. സുഹൈലും സംഘവും പിന്തുടർന്ന് പിടികൂടി. മാട്ടൂൽ സൗത്തിലെ സ്ട്രീറ്റ് നമ്പർ 45 ഭാഗത്ത് നിന്ന് മണലുമായി എത്തിയ ടിപ്പർ ലോറിയെ പോലീസ് സംഘം കൈ കാണിച്ചു. എന്നാൽ, പോലീസ് സംഘത്തെ കണ്ട് ലോറി അമിത വേഗതയിൽ ഓടിച്ചു പോകുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന് മാട്ടൂൽ മടക്കര പാലത്തിന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ മൂന്നോടെ പട്രോളിംഗിനിടെയാണ് സംഭവം. മണലും ടിപ്പർ ലോറിയും സ്റ്റേഷനിലേക്ക് മാറ്റി. ഒരു ഇടവേളക്ക് ശേഷം ഈ ഭാഗങ്ങളിൽ മണൽ കടത്ത് സംഘം പിടി മുറുക്കുകയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.