ടിസിഎസ് റൂറല്‍ ഐടി ക്വിസ് രജിസ്ട്രേഷന് ആരംഭിച്ചു
1591707
Monday, September 15, 2025 1:59 AM IST
കണ്ണൂർ: ബംഗളൂരു ടെക് സമ്മിറ്റ് 2025-ന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്-ഐടി വകുപ്പും ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസും സംയുക്തമായി ചെറുനഗരങ്ങളില്‍ നടത്തുന്ന റൂറല്‍ ഐടി ക്വിസിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരളത്തില്‍ കണ്ണൂർ, മലപ്പുറം എന്നീ രണ്ടു കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, വിർച്വല്‍, ഫിസിക്കല്‍ ക്വിസ് എന്നിവ അടങ്ങിയതായിരിക്കും മത്സരം. എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് മത്സരം. സിറ്റി, കോര്പറേഷന് പരിധികളിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാനാകില്ല.
ടെക്നോളജി എന്‍വയോണ്‍മെന്റ്, ബിസിനസ്, അതിലെ വ്യക്തികൾ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് കംപ്യൂട്ടിംഗ് ഉള്‍പ്പെടെയുള്ള പുതിയ പ്രവണതകള്‍ തുടങ്ങി സാങ്കേതികവിദ്യാ ഉപയോഗത്തിന്റെ വിവിധ മേഖലകളിലേക്ക് ഫോക്കസ് ചെയ്തുള്ള ചോദ്യങ്ങളുണ്ടാകും. ബാങ്കിംഗ്, വിദ്യാഭ്യാസം, വിനോദം, റോബോട്ടിക്സ്, പുസ്തകങ്ങള്‍, മള്‍ട്ടീമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, പരസ്യം, കായിക മേഖല, ഗെയിമിംഗ്, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയ ഐടി സ്വാധീനം ചെലുത്തുന്ന മേഖലകളും ക്വിസിന്റെ പരിധിയിൽ വരും.
രാജ്യത്താകമാനം എട്ട് മേഖലാ ഫൈനലുകൾ നടക്കും. മേഖലാ ഫൈനലുകളിലെ വിജയികളാണ് നവംബറിൽ ബംഗളൂരുവിൽ നടക്കുന്ന ദേശീയ ഫൈനലിൽ പങ്കെടുക്കുക. മേഖലാ ജേതാക്കൾക്ക് 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയുടെ വൗച്ചറുകളും ലഭിക്കും. മത്സരത്തിലെ ദേശീയ ജേതാവിന് ഒരു ലക്ഷം രൂപയുടെ ടിസിഎസ് എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ് സമ്മാനമായി ലഭിക്കും. ദേശീയ തലത്തിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുടെ സ്കോളര്‍ഷിപ്പും ലഭിക്കും.
പങ്കെടുക്കുന്നതിനായി htt ps://iur.ls/tcsruralitquiz2025reg എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബര്‍ 30 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷത്തെ ടിസിഎസ് റൂറല്‍ ഐടി ക്വിസില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 5.6 ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു.