കണ്ണൂർ വാരിയേഴ്സിന്റെ വിദേശ താരങ്ങൾക്ക് സ്വീകരണം നൽകി
1591708
Monday, September 15, 2025 1:59 AM IST
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ രണ്ടാം സീസണിലെ വിദേശതാരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വാരിയേഴ്സ് ക്ലബ് ആരാധകുടെ കൂട്ടായ്മയായ റെഡ് മറൈനേഴ്സ് സ്വീകരണം നൽകി. സെനഗലില്‍ നിന്നുള്ള സ്ട്രൈക്കര്‍ അബ്ദുകരിം സാംബ് ആണ് ആദ്യം എത്തിയത്. ശനിയാഴ്ച രാത്രി 8.20 ന് എത്തിയ താരത്തെ ടീം മാനേജര്‍ അല്ഫിന് ടീമിന്റെ പെനന്റ് (ഹാന്‍ഡ് ഫ്ളാഗ്) നൽകി സ്വീകരിച്ചു. തുടര്‍ന്ന് ആരാധകരില്‍ നിന്ന് രണ്ടുപേര്‍ താരത്തെ സ്കാഫ് അണിയിച്ചു. താരത്തെ കാത്ത് ഇരുപതോളം ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നില്‍ എല്ലാവരും അണിനിരന്ന് കൈയടികളോടെ ഉച്ചത്തിലുള്ള ചാന്റുകള്‍ ചൊല്ലിയാണ് താരത്തെ വരവേറ്റത്.
ഇന്നലെ പുലർച്ചെ 2.30 ന് മധ്യനിര താരം ടുണീഷ്യയില്‍ നിന്നുള്ള നിദാല്‍ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് കാർമാര്‍ഗം കണ്ണൂരിലെത്തി. വൈകുന്നേരം 5.45 ന് സ്പാനിഷ് താരങ്ങളായ അസിയര്‍, അഡ്രിയാന്‍ എന്നിവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ആദ്യ സീസണില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളായത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. ഇന്നു മുതല്‍ നാല് താരങ്ങളും ടീമിനൊപ്പം പരിശീലനം ആരംഭിക്കും. മുഖ്യപരിശീലകനും രണ്ട് വിദേശതാരങ്ങളുമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിശീലനം. ഇന്ത്യയില്‍ നിന്നുള്ള എല്ലാ താരങ്ങളും നിലവില്‍ ടീമിനൊപ്പമുണ്ട്.
2024 ല്‍ കണ്ണൂർ വാരിയേഴ്സ് ക്ലബ് രൂപീകരിച്ച സമയത്താണ് റെഡ് മറൈനേഴ്സ് എന്ന ആരാധക കൂട്ടായ്മയും സ്ഥാപിതമായത്. കളിയാവേശം വിതറുന്നതിനൊപ്പം വിവിധ സമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും റെഡ് മറൈനേഴ്സ് സജീവമാണ്. ആദ്യ സീസണില്‍ കോഴിക്കോട് ഹോം സ്റ്റേഡിയം ആയിരുന്നപ്പോള്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട് എത്തിയാണ് റെഡ് മറൈനേഴ്സ് ടീമിന് ആവേശം പകർന്നത്.