ഫണ്ട് അനുവദിച്ചിട്ടും പേരട്ട-കുറ്റിയാട്കുന്ന് റോഡ് നവീകരണം വൈകുന്നു
1591704
Monday, September 15, 2025 1:59 AM IST
ഇരിട്ടി: ഉളിക്കൽ -പായം പഞ്ചാത്തുകളിലൂടെ കടന്നുപോകുന്ന പേരട്ട -മട്ടിണി - കുറ്റിയാട്ട്കുന്ന് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിച്ചില്ല. ഫണ്ട് അനുവദിച്ചതോടെ തങ്ങൾ അനുഭവിക്കുന് യാത്രാ ക്ലേശം ഉടൻ പരിഹരിക്കപ്പെടുമെന്ന് കരുതിയ ജനങ്ങൾ ഇതോടെ കടുത്ത നിരാശയിലാണ്. അഞ്ചു കിലോമീറ്ററിൽ അധികം ദൂരം വരുന്ന റോഡിന്റെ അറ്റകുറ്റ പണികൾക്കായി 30 ലക്ഷം രൂപയാണ് അനുവദിച്ചത്.
സ്കൂൾ, ആരാധനാലയങ്ങൾ എന്നിവയടക്കമുള്ള പ്രദേശത്തെ റോഡിന്റെ നവീകരണമാണ് അധികൃതരുടെ അനാസ്ഥയിൽ വൈകുന്നത്. ബസ് സർവീസ് ഇല്ലാത്ത റോഡിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി സംവിധാനങ്ങൾ ആണ് ജനങ്ങൾ ഉപയോഗിക്കുന്നത് . റോഡ് പൂർണമായും തകർന്നതോടെ ഓട്ടോറിക്ഷകൾ ഇതുവഴി ട്രിപ്പ് വരാൻ മടിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
പേരട്ട - മട്ടിണി ഭാഗത്തെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് പൂർണമായും തകർന്നു കിടക്കുന്നത്. നവീകരണ പ്രവൃത്തി ഏതു പഞ്ചായത്തിൽ നിന്നാരംഭിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാത്തതാണ് പ്രവൃത്തി വൈകാൻ കാരണമെന്നും പറയപ്പെടുന്നു.