ദേവസ്വം ഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി
1591990
Tuesday, September 16, 2025 1:54 AM IST
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി ദേവസ്വത്തിന്റെ കീഴിലുള്ള സ്ഥലത്തുനിന്നും 15 ലക്ഷത്തോളും വില വരുന്ന മരങ്ങൾ മുറിച്ചുകടത്തി. ചെങ്ങളായി-ചുഴലി റോഡരികിൽ കാക്കണ്ണൻ പാറയ്ക്കടുത്ത 45 ഏക്കറോളം സ്ഥലത്തുനിന്ന് തേക്ക്, ചന്ദനം, ഇരൂൾ തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്. ദേവസ്വം ഭൂമി സംരക്ഷിക്കാൻ നടപടികൾ വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് മരംകൊള്ള.
ചില മരങ്ങൾക്ക് താഴെ തീയിട്ട ശേഷമാണ് മുറിച്ചത്. ആൾ സഞ്ചാരമില്ലാത്ത പ്രദേശമായതിനാൽ മരം മുറിച്ച് കടത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ല. ചുഴലി ചാലിൽവയൽ സ്വദേശിയാണ് മരം കൊള്ളയ്ക്ക് പിന്നിലെന്ന് കാണിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി.അനീഷ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി. ദേവസ്വം ഭൂമിയിൽ വ്യാപക കൈയേറ്റം നടന്നതായും ആക്ഷേപമുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.