ഭരണനേട്ടങ്ങളുമായി തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസുകൾ നടത്തും
1591996
Tuesday, September 16, 2025 1:54 AM IST
കണ്ണൂർ: സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസുകൾ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 20 മുതൽ ഒക്ടോബർ 20 വരെ ഒരുമാസത്തിനിടയിൽ സംഘടിപ്പിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്തുകൾ, നഗരസഭ, കോർപറേഷൻ എന്നിവയിൽ എല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തത്തിൽ സ്ത്രീകൾ, യുവാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലു ള്ളവരെ ഉൾപ്പെടുത്തും.
അതിദാരിദ്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനല്കിയവരേയും ഹരിതകർമ സേന പ്രവർത്തകരേയും ചടങ്ങിൽ ആദരിക്കും.
വികസന സദസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക് സജ്ജമാക്കും. കൂടാതെ സർക്കാരിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും.
സംസ്ഥാന സർക്കാരിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വയ്ക്കുന്നതിന് ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവയും ഉണ്ടാവും.
ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ പരിഗണിക്കും.
വികസന സദസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെർപേഴ്സണും ജില്ലാ കളക്ടർ കോ ചെയർപേഴ്സണും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായി ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.