കളക്ടർക്കും ഡിഐജിക്കുമെതിരേ സൈറണടിച്ച് കൗൺസിൽ യോഗം
1591986
Tuesday, September 16, 2025 1:54 AM IST
കണ്ണൂർ: നഗരത്തിൽ കോർപറേഷൻ സൈറൺ പതിവ് തെറ്റാതെ മുഴങ്ങുമെന്ന് തീരുമാനമെടുത്ത കൗൺസിൽ യോഗത്തിൽ കണ്ണൂർ കളക്ടർക്കും ഡിഐജിക്കുമെതിരേ രൂക്ഷവിമർശനം. കണ്ണൂർ കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അത് കളക്ടർ ഹാജരാക്കണമായിരുന്നു. പരാതിക്കാരനെ കളക്ടറുടെ സാന്നിധ്യത്തിൽ കോർപറേഷനിൽ വിളിച്ചുവരുത്താനുള്ള അപൂർവ തീരുമാനവും ഇന്നലെ ചേർന്ന കൗൺസിൽ യോഗം എടുത്തു.
കോർപറേഷന്റെ സൈറൺ മുഴക്കം കുറയ്ക്കുകയോ നിർത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർ കോർപറേഷനു കത്തു നൽകിയതിനു പിന്നാലെയാണ് ഇതു സംബന്ധിച്ചു ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ചേർന്നത്.
സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് മുന്പ് പോലീസ് കോർപറേഷനു നൽകിയ നോട്ടീസും കൗൺസിൽ യോഗം തള്ളിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ശബ്ദം ശല്യമാകുന്നതായി പരസരവാസികൾ പരാതി നൽകിയിരുന്നു.
ഭരണ പ്രതിപക്ഷ ഭേദമന്യേ ചർച്ചയിൽ പങ്കെടുത്തവർ കളക്ടറുടെ കുറിപ്പിനെതിരേ സൈറൺ മുഴക്കി പ്രതിഷേധിക്കണമെന്നു ആവശ്യമുയർത്തി. കണ്ണൂർ കോർപറേഷൻ മുഴക്കുന്ന സൈറൺ ആണ് ദുരന്തമെന്നു പറഞ്ഞ കളക്ടറാണ് ഏറ്റവും വലിയ ദുരന്തമെന്ന് മുൻ മേയർ ടി.ഒ. മോഹനൻ പരിഹസിച്ചു.
എന്താണ് ദുരന്തം എന്നത് കളക്ടർക്ക് അറിയില്ലേ? കളക്ടർ ആ പദവിയിലിരിക്കാൻ അർഹനല്ല. കോർപറേഷൻ ഭരണഘടനാ സ്ഥാപനമാണെന്നത് കളക്ടർ മറക്കുന്നുവെന്നും ടി. ഒ. മോഹനൻ പറഞ്ഞു. മേയർക്ക് അറിയിപ്പ് നലാകാതെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സൈറൺ പരിശോധിക്കാനെത്തിയത്.
ഇത് ഗൂഢാലോചനയാണെന്നും സൈറൺ സംവിധാനം തുടരണമെന്നും മോഹനൻ പറഞ്ഞു. ചരിത്രപരമായ വിശേഷണം ഉള്ള സൈറൺ മുഴക്കം ഇല്ലാതാക്കാൻ കളക്ടർ ഇല്ലാത്ത അധികാരം ഉപ യോഗിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ പി. ഇന്ദിര പറഞ്ഞു. തെരുവ് നായ്ക്കളെ വെടി വച്ചുകൊല്ലാൻ ഉത്തരവിടാത്ത കളക്ടറാണോ സൈറൺ നിർത്തലാക്കാൻ ആവശ്യപ്പെടുന്നതെന്ന് സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ചോദിച്ചു.
കെ.പി. അബ്ദുൾ റസാഖ്,എം.പി. രാജേഷ്, ടി. രവീന്ദ്രൻ, സിയാദ് തങ്ങൾ, എൻ. ഉഷ, എസ്. ഷഹീദ, ഷമീമ, ഷാഹിന മൊയ്തീൻ, കെ. പ്രദീപൻ,വി.കെ. ഷൈജു എന്നിവരും കളക്ടറുടെ നടപടിയെ വിമർശിച്ചു.