വന്യജീവി ആക്രമണം ലഘൂകരിക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്ക്കുമായി വനം വകുപ്പ്
1591992
Tuesday, September 16, 2025 1:54 AM IST
ഇരിട്ടി: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനംവകുപ്പ് റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക്കുകൾ ൾ ആരംഭിക്കുന്നു. വന്യജീവി ആക്രമണം അതിരൂക്ഷമായ പഞ്ചായത്ത് ഓഫീസുകളിൽ 16 മുതൽ 30 വരെ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.
വനംവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും, ആക്രമണം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും ഹെൽപ്പ് ഡെസ്കുകൾ വഴി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലം നൽകാൻ ഹെൽപ്പ് ഡെസ്കുകളിൽ സൗകര്യമുണ്ടാകും. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് കൈമാറാനും തുടർനടപടികൾ സ്വീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വനം വകുപ്പ് കരുതുന്നത്.
വന്യജീവി സംഘർഷത്തെ "സംസ്ഥാന സവിശേഷ ദുരന്തം’ ആയി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെയാണു തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. പൊതുജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ ഡിഎഫ്ഒ ജോസ് മാത്യു പറഞ്ഞു.
മനുഷ്യ ആക്രമണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് പ്രഖ്യാപിച്ച പത്തിന കർമ പദ്ധതികളിൽപ്പെട്ട ജനജാഗ്രതാ സമിതിക്കുള്ള പരിശീലനം നേരത്തെ നൽകിയിരുന്നു. ആറളം, കൊട്ടിയൂർ, മുഴക്കുന്ന്, അയ്യൻകുന്ന്, കണിച്ചാർ, പയ്യാവൂർ , കേളകം എന്നീ പഞ്ചായത്തുകളിലുള്ളവർക്കാണ് പരിശീലനം നൽകിയത്.
ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള കരട് നിയമ ഭേദഗതി കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു.
മലയോര മേഖലയിൽ നൂറുകണത്തിന് കർഷകർക്ക് ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ട്. ഹെൽപ്പ് ഡെസ്ക്കിലൂടെ ഇതിന് പരിഹാരം ഉണ്ടാകുന്ന പ്രതീക്ഷയിലാണ് കർഷകർ.