പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1592362
Wednesday, September 17, 2025 7:42 AM IST
ശ്രീകണ്ഠപുരം: മലപ്പട്ടത്ത് അഞ്ചിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ശുദ്ധജലപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ. കണിയാർവയൽ-മലപ്പട്ടം റോഡിൽ തലക്കോട്, കുണ്ടട, കണിയാർവയൽ വളവ്, തലക്കോട്-അടുവാപ്പുറം മിൽറോഡ് എന്നിവിടങ്ങളിലാണു പൈപ്പ് പൊട്ടിയത്.
തലക്കോട്ട് മൂന്നിടത്തും അടുവാപ്പുറം മിൽ റോഡിലും കണിയാർവയൽ വളവിൽ സ്ഥലത്തു പൈപ്പ് പൊട്ടിയിട്ടുണ്ട്. തലക്കോട്ട് പൈപ്പ് പൊട്ടിയിട്ട് എഴ് മാസത്തിലേറെയായി.
നന്നാക്കാൻ ജലഅഥോറിറ്റി കുഴിയെടുത്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. വാഹനം താഴ്ന്നും മറ്റും അപകടം പതിവായതോടെ കുഴി നാട്ടുകാർ മൂടി. അപകടാവസ്ഥക്ക് മുന്നറിയിപ്പ് നൽകാൻ ഇവിടെ കമ്പുകൾ കുത്തിവച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിൽ വിള്ളൽ വീണിട്ടുണ്ട്.