പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ‘തീപിടിത്തം'
1592365
Wednesday, September 17, 2025 7:42 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ 'തീപിടിത്തം'. നാലാം നിലയിലായിരുന്നു തീപിടിത്തം നടന്നത്. അഗ്നിരക്ഷാസേനയും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് 'രക്ഷാപ്രവര്‍ത്തകരായി'. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തീപിടിത്ത വിവരമറിഞ്ഞതോടെ സൈറണ്‍മുഴക്കി ചീറിപാഞ്ഞെത്തി. അഗ്നിരക്ഷസേനയെക്കണ്ട് ആളുകള്‍ പരിഭ്രാന്തരായി.
നാലാം നിലയിലേക്ക് ഓടിക്കയറിയ ഇവര്‍ ഞൊടിയിടയില്‍ രോഗികളേയും കൂട്ടിരിപ്പുകാരേയും ഒഴിപ്പിച്ചു. മുകള്‍ നിലയില്‍ കുടുങ്ങിപ്പോയ ആളെ വടംകെട്ടി താഴെയെത്തിച്ചു. താഴെ കാത്തുനിന്നിരുന്ന ആബുലന്സുകള് പരിക്കേറ്റവരുമായി ചീറിപ്പാഞ്ഞു. പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ അഗ്നിരക്ഷാസേന നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായാണ് വിവിധ രംഗങ്ങള്‍ അരങ്ങേറിയത്.
പയ്യന്നൂര്‍ സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.ശ്രീനിവാസന്, എന്‍.മുരളി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.ഉന്മേഷ്, പി.പി. രാഹുല്‍, സി.കെ. ഇര്‍ഷാദ്, പി.പി.ജിഷ്ണുദേവ്, എസ്. ജോബി, ജിനോ ജോണ്‍, എസ്.ജിഷ്ണു, എം.എസ്. അഖില്‍, ഹോം ഗാര്‍ഡ്മാരായ എം. രാജീവന്, ശ്രീനിവാസന് പിള്ള, കെ.എം.ഗോവിന്ദന് തുടങ്ങിയവരും പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എം. ജ്യോതി, ഡോ.എസ്. അനില്‍കുമാര്‍, പിആര്‍ഒ ജാക്സണ് ഏഴിമല, ഷീബ മാറോളി, പ്രദീപ് തുടങ്ങിയവരും പങ്കെടുത്തു