പേരട്ടയുടെ സീഡ് ബോളുകൾ ബ്രഹ്മഗിരിയിൽ തളിരിടും
1592374
Wednesday, September 17, 2025 7:42 AM IST
ഇരിട്ടി : വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ പേരട്ട സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികൾ നിർമിച്ച 20010 സീഡ് ബോളുകൾ കാട്ടിലെറിഞ്ഞു.
അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ കർണാടക വനംവകുപ്പിന്റെ സഹായത്തോടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലാണ് സീഡ് ബോളുകൾ എറിഞ്ഞത്. രാവിലെ മുതൽ പെയ്ത മഴ വകവയ്ക്കാതെ, ആയുധധാരികളായ വനപാലകരുടെ സംരക്ഷണയിൽ രണ്ടു കിലോമീറ്റർ വനത്തിനുള്ളിലൂടെ നടന്നാണ് വിദ്യാർഥികൾ സീഡ് ബോൾ എറിഞ്ഞത്. പ്രകൃതിയെ അറിഞ്ഞ്, മഴയിൽ നനഞ്ഞ് വിദ്യാർഥികളുടെ യാത്ര വേറിട്ട അനുഭവമായി.
സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് അനെസി വിശാഖപട്ടണം പ്രോവിൻസിന്റെ 375 -ാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു വേൾഡ് റിക്കാർഡിന് അർഹമായ സീഡ് ബോൾ നിർമാണം. പ്രോവിൻസിലെ 15 സ്കൂളുകളിലെ വിദ്യാർഥികളാണ് ഒരേസമയം ഒരു മണിക്കൂർകൊണ്ട് 11,90,796 ബോളുകൾ നിർമിച്ചത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ മാധവ ദോഡബുടഗി, ചന്ദ്രശേഖര എം. മുരളി, അസി. ആർഎഫ്ഒ ദയാനന്ദ, രാമചന്ദ്ര, ലോകേഷ്, പനജേഷ്, ഹമീദ്, മീട്ടു എന്നിവരും മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യു,അധ്യാപകരായ സിസ്റ്റർ ഡെർലി ജോസഫ്, സിസ്റ്റർ സുനീത, സിസ്റ്റർ ഷ്മിന പോൾ, സിജി, കരിഷ്മ, ലിറ്റി,പഞ്ചായത്തംഗം ബിജു വെങ്ങലപള്ളി, പിടിഎ പ്രസിഡന്റ് ബിജു പൊട്ടക്കുളം, എം പിടിഎ അംഗങ്ങളായ സിന്ധു, സാബിറ എന്നിവർ നേതൃത്വം നൽകി.