നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് നാലുപേർക്കു പരിക്ക്
1592364
Wednesday, September 17, 2025 7:42 AM IST
കൂത്തുപറമ്പ്: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പെരളശേരിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലിടിച്ചാണു മറിഞ്ഞത്. പെട്ടെന്ന് റോഡിലേക്ക് കയറിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.മട്ടന്നൂർ പാലോട്ട് സ്വദേശികളായ ബുഷറ (39) ഷെരീഫ് (65) എന്നിവരെ മിംസ് ആശുപത്രിയിലും അംജത് (24), അഫ്ത്താഫ് (25 ) എന്നിവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആബുലൻസിൽ അകപ്പെട്ടവരെ പുറത്തെടുത്ത് മറ്റൊരു ആംബുലൻസിലാണു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് പാർക്ക് ചെയ്ത ഇരുകാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ റോഡ് സൈഡിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗവും തകർന്നു. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.