പോലീസിനെ ഇരുത്തി പ്രതി
1592371
Wednesday, September 17, 2025 7:42 AM IST
ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് കസേരകൾ സംഭാവന ചെയ്തത് നിരോധിത നോട്ടുകൾ കൈവശംവച്ച കേസിലെ പ്രതി. പോലീസുദ്യോഗസ്ഥർക്ക് കസേരകൾ കൈമാറുന്നതിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. സംഗതി നാണക്കേടായതോടെ പോലീസ് കസേരകൾ തിരിച്ചുനൽകി തടിയൂരി.
പൂച്ചക്കാട്ടെയും മൗവലിലെയും രണ്ടു ക്ലബുകളുടെ പേരിലാണ് പോലീസ് സ്റ്റേഷനിലേക്ക് 10 വീതം ഫൈബർ കസേരകൾ സംഭാവന ചെയ്തത്. ഇതിൽ മൗവലിലെ ക്ലബിന്റെ പേരിൽ നൽകിയ കസേരകളാണ് ആറുമാസം മുമ്പ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിരോധിത 2000 രൂപ നോട്ടുകൾ പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്തതായി പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെ കസേരകൾ കൈമാറിയ ചടങ്ങിൽ പ്രതി പങ്കെടുത്ത് ഫോട്ടോയെടുക്കുകയും ചെയ്തു.
ബേക്കലിലെ എസ്എച്ച്ഒ അടുത്തിടെ പുതുതായി ചുമതലയേറ്റ ആളായതിനാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവം ജില്ലാതലത്തിൽ വാർത്തയായതോടെയാണ് ജില്ലാ പോലീസ് മേധാവി ഇടപെട്ട് കസേരകൾ തിരിച്ചുനൽകാൻ നിർദേശിച്ചത്.