യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ മുൻഗണന: മന്ത്രി കെ.എൻ. ബാലഗോപാൽ
1578248
Wednesday, July 23, 2025 6:31 AM IST
കൊല്ലം: റോഡും പാലവും നിർമിക്കുന്നതിനൊപ്പം യാത്രാസൗകര്യവും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
അറക്കടവ് പാലം വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കരയിൽ നിന്നും വെളിയം പടിഞ്ഞാട്ടിൻകര വഴി കൊല്ലത്തേക്കാണ് ബസ് സർവീസ് നടത്തുക. കൊല്ലം കളക്ടറേറ്റിലേക്ക് ഉദ്യോഗസ്ഥർക്കും ആവശ്യക്കാർക്കും എത്താൻ ഇത് ഏറെ സഹായിക്കും.
വൈകുന്നേരം തിരിച്ചും കളക്ടറേറ്റിൽ നിന്ന് ബസ് സർവീസ് ഉണ്ട്. കൊട്ടാരക്കര - എഴുകോൺ - കരീപ്ര ബസ് സർവീസ് ഉടൻ പുനരാരംഭിക്കും. ഐടിഐയിലെ പുതിയ കെട്ടിടത്തിന്റെ ഡിസൈൻ അന്തിമമാക്കുന്ന നടപടി അവസാനഘട്ടത്തിലാണെന്നും വിവിധ പദ്ധതികൾക്കായി വെളിയം ജംഗ്ഷനിൽ സ്ഥലം ലഭ്യമാക്കാൻ ശ്രമം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരഘുനാഥ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷൈൻ കുമാർ, സ്ഥിരംസമിതി അധ്യക്ഷർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
photo:
അറക്കടവ് പാലം വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് മന്ത്രി കെ. എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു .