വിപഞ്ചികയുടെ വീട് വനിതാ കമ്മീഷൻ സന്ദർശിച്ചു
1578967
Saturday, July 26, 2025 6:37 AM IST
കൊല്ലം: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ വീട് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിച്ച കമ്മീഷൻ അംഗം വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. സംഭവത്തിൽ തുടർന്നുള്ള നിയമനടപടികൾക്കായി ആവശ്യമായ എല്ലാ സഹായങ്ങളും വനിതാ കമ്മീഷൻ നൽകുമെന്ന് ഉറപ്പ് നല്കി.
കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചർ, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫാറൂഖ് നിസാർ, ഗ്രാമ പഞ്ചായത്ത് അംഗ സരിത, രാജൻ ലാൽ, പുഷ്പൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.