മലയോര ഹൈവേയിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
1578969
Saturday, July 26, 2025 6:37 AM IST
കുളത്തൂപ്പുഴ. മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ പതിനൊന്നാം മൈലിന് സമീപം ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു മലയോര ഹൈവേയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
മരം വീഴുന്ന സമയത്ത് റോഡിൽ വാഹനമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കടയ്ക്കൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പർമാരുടെയും എതിർപ്പിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് തകർത്ത് റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റുവാൻ നാട്ടുകാർ അനുവദിച്ചില്ല.
പിഡബ്ല്യഡി ഉദ്യോഗസ്ഥർ സംഭവ സലത്ത് എത്താതെ മരം മുറിച്ചു മാറ്റുവാൻ ഫയർഫോഴ്സിനെ നാട്ടുകാരും ജനപ്രതിനിധികളും അനുവദിച്ചില്ല. കിഴക്കൻ മേഖലയിൽ മലയോര ഹൈവേയുടെയും അന്തർസംസ്ഥാന പാതയുടെ വശങ്ങളിലും അപകടകരമായ അനേക വൃക്ഷങ്ങളാണ് നിൽക്കുന്നത്.
മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പലപ്രാവശ്യവും അധികാരികൾക്ക് പരാതി നൽകിയിട്ടും ഇതിനൊരു തീരുമാനം ആയില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തുകയും സബ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ മരത്തിന്റെ പകുതിഭാഗം മുറിച്ചുമാറ്റി വാഹനങ്ങൾ കടത്തിവിടുവാൻ തീരുമാനമായി.
കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപാണ് തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാനപാതയിൽ നെടുവന്നൂർ കടവ് ചെക്ക് പോസ്റ്റിന് സമീപം ആർപിഎല്ലിന്റെ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണത്.
ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ വൻ അപകടങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നാണ് ജനപ്രതിനിധികളായ ജോസഫ്, സുഭിലാഷ് കുമാർ, സന്തോഷ് കുമാർ തുടങ്ങിയവർ പറയുന്നത്.