സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ നടപടി ആയില്ല; ആശങ്കയോടെ അധ്യാപകരും വിദ്യർഥികളും
1578493
Thursday, July 24, 2025 6:16 AM IST
കൊട്ടാരക്കര: വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുന്നതും ഏതു സമയവും ഇടിഞ്ഞു വീഴാനിടയുള്ളതുമായ സ്കൂൾ കെട്ടിടം അധ്യാപകർക്കും വിദ്യാർഥികൾക്കും ഭീഷണി ഉയർത്തുന്നു. ആനക്കോട്ടൂർ സർക്കാർ വക എൽ പി സ്കൂൾ കെട്ടിടം ആണ് വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുന്നത്.
ഓരോ അധ്യയനവർഷവും ഭീതിയോടെ കടന്ന് പോകുമ്പോഴും അധ്യാപകരുടെ ഉള്ളിൽ ആശ്വാസത്തിന്റെ നെടുവീർപ്പാണ്. ഇടിഞ്ഞു പൊളിഞ്ഞു ഏത് നിമിഷവും നിലം പൊത്താറായ സ്കൂൾ കെട്ടിടമുറി കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിട്ട് നാളേറെയായി.
കെട്ടിടം പൊളിച്ച് മാറ്റാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും നടപടിയില്ല. ഇവിടെ പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.76കോടി മുടക്കി സ്കൂളിന് ബഹുനില കെട്ടിടം നിർമിച്ചിരുന്നതാണ്. 2021ഫെബ്രുവരിയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു.
പുതിയ കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയിട്ടും പഴയ കെട്ടിടം പൊളിച്ചു നീക്കം ചെയ്യാൻ നടപടി ആയിട്ടില്ല. മേൽക്കൂരയിലെ ഓടുകൾ മിക്കവയും പൊട്ടി ഇളകി പല ഭാഗങ്ങളും ഇളകി വീഴാറുണ്ട്.
ഭിത്തി ഇളകി കെട്ടിടം തകർന്ന് വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ജീർണാവസ്ഥയിലുള്ള കെട്ടിടം നിലംപൊത്തിയാൽ കൊച്ചു കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന സ്കൂൾ മുറ്റം വേദനാജനകമാകും.
സ്കൂൾ അധികൃതരും പഞ്ചായത്ത് അധികാരികളും പല തവണ വിഷയം വിദ്യാഭ്യാസ വകുപ്പിനെയും പൊതു മരാമത്ത് അധികാരികളെയും രേഖാ മൂലവും അറിയിച്ചിട്ടും ഒരു ഫലവും ഫലവും ഉണ്ടായിട്ടില്ല.