മത്സ്യബന്ധന വള്ളം മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്ക്
1578488
Thursday, July 24, 2025 6:16 AM IST
ചവറ: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് ആറു തൊഴിലാളികൾക്കു പരിക്ക്. ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിനു സമീപം ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം.
മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് നിയന്ത്രണം വിട്ടു പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ ഉണ്ടായിരുന്നവർ കടലിൽ വീഴുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ സ്ഥലത്ത് എത്തി അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു.
അമ്പലപ്പുഴ കരൂർ സ്വദേശികളും സഹോദരങ്ങളുമായ അഖിൽ (24), അഭിനന്ദ് (22), ചെറിയഴീക്കൽ സ്വദേശികളായ സുജിത് (42), ഷൺമുഖൻ (46), രഞ്ജിത് (40) , രാജീവ് (44) എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പണ്ടാരത്തുരുത്ത് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞു ശക്തികുളങ്ങര പോലീസും സ്ഥലത്ത് എത്തിയിരുന്നു.