ഏരൂരില്‍ വീട് ഇടിഞ്ഞു വീണ് ഗൃഹനാഥനും മകനും പരിക്ക്
1578968
Saturday, July 26, 2025 6:37 AM IST
അഞ്ചല്‍ : കനത്ത മഴയിൽ ഏരൂരില്‍ വീട് ഇടിഞ്ഞു വീണു. വിളക്കുപാറ ഇടക്കൊച്ചി സജീവ് വിലാസത്തില്‍ സജീവ് - ചന്ദ്രലേഖ ദമ്പതികളുടെ വീടാണ് കനത്ത മഴയില്‍ കഴിഞ്ഞ ദിവസം രാത്രി നിലംപൊത്തിയത്.
ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്ന സജീവിനും മകന് അമല്‍ സാജിനും ഓടും മേല്‍ക്കൂരയും വീണു പരിക്കേറ്റു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സജീവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. വീട് തകരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ വീട്ടിലുണ്ടായിരുന്ന സജീവിന്റെ അമ്മ 86 കാരി രാജമ്മയെ വേഗത്തില്‍ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന കട്ടിലുകള്‍, അലമാര, കസേരകള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. അപകടവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയാണ് രേഖകളും അത്യാവശ്യ സാധനങ്ങളും വീണ്ടെടുത്ത് നല്‍കിയത്.
ഹൃദ്രോഗിയായ സജീവ് ചികിത്സയിലാണ്. ഇതിനിടയില്‍ വല്ലപ്പോഴും ലഭിക്കുന്ന കൂലിവേലയും ഭാര്യ തൊഴിലുറപ്പ് ജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തിലുമാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു, വാര്‍ഡ് അംഗം അഞ്ജു എന്നിവര്‍ സ്ഥലത്തെത്തി. വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ള റവന്യൂ സംഘത്തെ വിവരം അറിയിച്ചതായും അവർ എത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷൈന്‍ ബാബു പറഞ്ഞു. തല്ക്കാലം ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ് സജീവും കുടുംബവും.