കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് തടവും പിഴയും
1578966
Saturday, July 26, 2025 6:37 AM IST
കൊല്ലം : 33 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ രണ്ട് പ്രതികൾക്ക് കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് നാല് കോടതി 10 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവു ശിക്ഷ അനുഭവിക്കണം.
കൊല്ലം ഉളിയക്കോവിൽ ദേശത്ത് ശ്രീ ഭദ്ര നഗർ 198-ൽ കണ്ണമത്ത് തെക്കതിൽ വീട്ടിൽ നവാസ്( 59), കൊല്ലം ഈസ്റ്റ് ആണ്ടാമുക്ക് ആറ്റുകാൽ പുരയിടത്തിൽ സുധീർ(55) എന്നിവരെയാണ് ജില്ല ഫോർത്ത് അഡീഷണൽ സെഷൻസ് ജഡ്ജി സി.എം.സീമ ശിക്ഷിച്ചത്.
2022 ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളായ നവാസും സുധീറും ചേർന്ന് ആന്ധ്രപ്രദേശിൽ നിന്നും 15 കഞ്ചാവ് പാക്കറ്റുകൾ രണ്ട് ചാക്കുകളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുന്നതിനായി ഉളിയക്കോവിൽ ജംഗ്ഷനു സമീപമുള്ള നവാസിന്റെ വീട്ടിൽ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന ടി. രാജുവും പാർട്ടിയും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
കൊല്ലം അസി. എക്സൈസ് കമ്മീഷണർ ആയിരുന്ന റോബർട്ടാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. 19 സാക്ഷികളെ വിസ്തരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ നിയാസാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.