ദു:ഖാചരണ ദിനത്തിൽ യോഗം; ബഹിഷ്കരിച്ച് കെഎസ്ടിഎ
1578741
Friday, July 25, 2025 6:29 AM IST
ചാത്തന്നൂർ: സർക്കാരിന്റെ ദുഃഖാചരണത്തെ മറികടന്നു ചാത്തന്നൂർ ഉപജില്ലയിൽ എഇഒയുടെ പ്രഥമാധ്യാപക യോഗം നടത്തി. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ആദരവ് പ്രകടിപ്പിച്ചു സംസ്ഥാനമൊട്ടാകെ മൂന്നുദിവസത്തെ ദുഖാചരണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരിപാടികളും ഔദ്യോഗിക യോഗങ്ങളും മാറ്റിവച്ചു.
ഈ സാഹചര്യത്തിലാണ് ചാത്തന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബുധനാഴ്ച ഉപജില്ലയിലെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചു ചേർത്തത്.
സർക്കാരിനെ വെല്ലുവിളിച്ചു കൊണ്ടുള്ള എഇഒയുടെ നിഷേധാത്മക നടപടിയിൽ കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിക്കുകയും പ്രഥമാധ്യാപകർ മീറ്റിംഗ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും മറികടന്നു കൊണ്ടുള്ളതായിരുന്നു എഇഒ യുടെ പ്രഥമാധ്യാപക യോഗമെന്ന് കെഎസ്ടിഎ ആരോപിച്ചു. സമഗ്ര പ്ലസ്, സ്കൂൾ സുരക്ഷ, പാഠപുസ്തക വിതരണം തുടങ്ങിയ അജണ്ട വച്ചു കൊണ്ടായിരുന്നു മീറ്റിംഗ്.
സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ സർക്കാർ കുട്ടികൾക്ക് പുസ്തകം എത്തിച്ചിരുന്നു. ഓണപ്പരീക്ഷ ആയിട്ടും ഉപജില്ലയിലെ സ്കൂളുകളിലെ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകളിൽ എത്തിച്ചു കൊടുക്കാത്ത എഇഒയുടെ നിരുത്തരവാദപരമായ നടപടി അപലപനീയമാണ്.