എംഡിഎംഎ കടത്തിയ കേസ്; പ്രതികൾക്ക് അഞ്ചുവർഷം തടവ്
1578977
Saturday, July 26, 2025 6:43 AM IST
ചവറ: എംഡിഎംഎ കടത്തിയ കേസിലെ രണ്ട് പ്രതികൾക്ക് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി അഞ്ചുവർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചവറ പന്മന ചോല ശങ്കരവിലാസം വീട്ടിൽ അജേഷ് കുമാർ, മൈനാഗപ്പള്ളി കടപ്പ പൂവച്ചേരിൽ പടിഞ്ഞാറ്റതിൽ ഷാജഹാൻ എന്നിവരെയാണ് ജഡ്ജി എസ്. ശ്രീരാജ് ശിക്ഷിച്ചത്. 2022 മേയ് 18നാണ് കേസിന് ആസ്പദമായ സംഭവം.
അജേഷ് കുമാറും ഷാജഹാനും കോളജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 3.55 ഗ്രാം എംഡിഎം എ കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ജി.പ്രസന്നനും സംഘവും പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. വിചാരണ നേരിടുകയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷിച്ചത്.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി.ശിവപ്രസാദ് ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് കുഞ്ഞായിരുന്നു പ്രോസിക്യൂഷൻ സഹായി.ശിക്ഷാവിധിയെ തുടർന്ന് ഇരുവരെയും ജില്ലാ കോടതിയിലേക്ക് മാറ്റി.