വന്ദനദാസ് കൊലക്കേസ്: വിചാരണ 28ലേക്ക് മാറ്റി
1578971
Saturday, July 26, 2025 6:37 AM IST
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ക്കായി കേസ് 28 ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകനായി പ്രതാപ് ചന്ദ്രൻപിള്ള ഹാജരാകും.പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന് കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ബി.എ .ആളൂര്‍, പി.ജി. മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിചാരണയും തടസപ്പെട്ടു. ഇതിന്റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്കി.
തുടര്‍ന്ന് ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാല്‍ തുടർന്നുള്ള വിചാരണയിൽ നിന്ന് ജോണ്‍ എസ്. റാല്‍ഫ് പിന്മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.