കാര്‍ഷിക മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു: മന്ത്രി പി. പ്രസാദ്
1578964
Saturday, July 26, 2025 6:37 AM IST
കൊല്ലം: കാര്‍ഷികമേഖലയില്‍ സംസ്ഥാനത്തിന് 4.65ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പി .പ്രസാദ്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്.
സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള കാർഷിക പ്രദർശന വിപണന മേള കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് ഇരുപതിനായിരം കൃഷിക്കൂട്ടങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ആയിരം മൂല്യവര്‍ധിത ഉല്പന്നങ്ങളാണ് ലക്ഷ്യമിട്ടതെങ്കിലും നാലായിരം ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. യോഗത്തിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ, അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേൽ, മേയർ ഹണി ബെഞ്ചമിൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി. ലാലു, അഡ്വ. ആർ. വിജയകുമാർ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എസ്. അനീസ, ഡോ.ഷൈൻ കുമാർ, സജികുമാർ ,റോഷൻ ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന പൗള്‍ട്രി വികസനകോര്പറേഷന്, പ്ലാന്റേഷന് കോര്പറേഷന്, കേരള അഗ്രോ ഇന്‍ഡസ്ട്രീസ്, ഹോര്‍ട്ടികോര്‍പ്സ്, ഓയില്‍പാം, വിഎഫ്സികെ, കൃഷി വിജ്ഞാനകേന്ദ്രം, വനിതാ കര്‍ഷക സമിതി, കുരിയോട്ടുമല ഡയറി ഫാം തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്വകാര്യ ഏജന്‍സികളുടെയും സ്റ്റാളുകള്‍ പ്രദര്‍ശന വേദിയിലുണ്ട്. പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും.