1 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1578963
Saturday, July 26, 2025 6:37 AM IST
കൊട്ടിയം: കുപ്പിവെള്ള വില്പനയുടെ മറവിൽ കോടികൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ലോറിയിൽ കടത്തുകയായിരുന്ന രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായി. മംഗലാപുരം സ്വദേശി സവാദ് (38), മലപ്പുറം സ്വദേശി അമീർ (38) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനം മുഴുവൻ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.കൊല്ലത്തുനിന്ന് എത്തിയ ഡാൻസാഫ് ടീമുംകൊട്ടിയം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോടികൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടാനായത്.
കർണാടകത്തിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ. വിവിധ ബ്രാൻഡുകളിലുള്ള 225 ചാക്ക് പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. മുകളിൽ കുപ്പിവെള്ളം അടുക്കി വച്ച ശേഷം അതിനടിയിലായാണ് പാൻമസാല ചാക്കുകൾ അടുക്കി വെച്ചിരുന്നത്.
സംസ്ഥാനത്തുടനീളം പാൻമസാല വിതരണം നടത്തുന്ന അന്തർ സംസ്ഥാന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടികൂടിയ പുകയില ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയനുസരിച്ച് ഒരു കോടിയിലധികംരൂപ വരുമെങ്കിലും ഇത് വിൽപ്പന നടത്തുന്നത് അഞ്ചിരട്ടിയോളം അധിക വിലയ്ക്കാണ്.
പാൻ മസാല നിരോധനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ നിന്നും തുഛമായ വിലയ്ക്ക് വാങ്ങുന്ന സാധനമാണ് ഇവർ കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുന്നത്.
സവാള, പച്ചക്കറികൾ എന്നിവ കയറ്റിയ ലോറികളിലും പാൻമസാലകടത്തുന്നുണ്ട്. പല ദിവസങ്ങളിലും പല സ്ഥലത്താണ് പിടിയിലായ സംഘം പാൻമസാല ഇറക്കുന്നത്. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പാൻ മസാല വില്പന നടത്തുന്ന സംഘങ്ങൾക്ക് നൽകുന്നതിനായി കൊണ്ടുവന്ന പാൻമസാലയാണ് പിടികൂടിയത്.
മറ്റ് സാധനങ്ങൾ കൊണ്ടുവരുന്നെന്ന വ്യാജേനയാണ് ഇവർ ലോറിയിൽ പാൻ മസാല കടത്തിയിരുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ പാൻ മസാല കടത്തുന്നതിനെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപ്, ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപ്, എസ് ഐ നിതിൻ നളൻ ,ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പിടി കൂടിയത് .