തേവലക്കര സ്കൂൾ തുറന്നു : മിഥുന്റെ ഓർമകളിൽ വിതുമ്പി കൂട്ടുകാർ
1578478
Thursday, July 24, 2025 6:05 AM IST
കൊല്ലം: ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം തേവലക്കര ബോയ്സ് ഹൈസ്കൂൾ വീണ്ടും തുറന്നപ്പോൾ എട്ടാം ക്ലാസിലെ ബി-ഡിവിഷനായിരുന്നു ഇന്നലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.പതിവുപോലെ അസംബ്ലി കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ ഇവിടേയ്ക്ക് ക്ലാസ് ടീച്ചർ റൂബി എത്തി.
ഹാജർ വിളി ആരംഭിച്ച് 12-ാമതായി മിഥുന്റെപേര് വിളിച്ചപ്പോൾ ശബ്ദം പുറത്ത് വരാത്ത വിധം ടീച്ചറുടെ കണ്ഠമിടറി.പ്രസന്റ് ടീച്ചർ എന്ന് പറയാൻ മിഥുൻ ഇല്ലായിരുന്നു. പിന്നീട് അൽപ്പനേരം നൊമ്പരപ്പെടുത്തുന്ന ശൂന്യതയായിരുന്നു ക്ലാസിലെങ്ങും.മിഥുൻ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന തിരിച്ചറിവിൽ സഹപാഠികൾ പരസ്പരം നോക്കി മിഴി തുടച്ചു. ഇതുകണ്ട് ടീച്ചറും കണ്ണീരണിഞ്ഞു
.മിഥുൻ സ്ഥിരമായി ഇരിക്കുന്ന ബഞ്ചിന് മുന്നിലെത്തി കൂട്ടുകാർ വിതുമ്പലടക്കാൻ കഴിയാതെ നിന്നത് നൊമ്പരക്കാഴ്ചയായി.മിഥുന്റെ ക്ലാസ് റൂമിന്റെ തൊട്ടടുത്ത മുറിയിലാണ് സ്കൂളിലെ എൻസിസി ഓഫീസ് പ്രവർത്തിക്കുന്നത്.അവിടെ നോട്ടീസ് ബോർഡിൽ പുതുതായി സെലക്ഷൻ കിട്ടിയ കേഡറ്റുകളിൽ 37-ാമതായാണ് മിഥുന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷേ അത് കാണാൻ മിഥുനെ വിധി അനുവദിച്ചില്ല. എൻസിസിയിൽ ചേരുന്നതിന് വേണ്ടി മാത്രമാണ് വീടിന് സമീപത്തെ നൽപ്പരക്കുന്ന് ഹൈസ്കൂളിൽ ചേരാതെ ഈ കൊച്ചു മിടുക്കൻ തേവലക്കര സ്കൂളിൽ അഡ്മിഷനെടുത്തത്.
സ്കൂൾ ഫുട്ബോൾ ടീമിൽ സെലക്ഷൻ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മിഥുൻ. രാജ്യസേവനത്തിനായി സൈനികൻ ആകണമെന്നായിരുന്നു മോഹം. ഇത് ബാക്കി വച്ചാണ് എല്ലാവരെയും തീരാവേദനയിലാക്കി മിഥുൻ നിത്യതയിലേക്ക് മടങ്ങിയത്.
സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കവേ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മിഥുൻ മരിച്ചത്.
മിഥുന്റെമരണം: കുറ്റകരമായ നരഹത്യ ചുമത്താന്‍ അന്വേഷണ സംഘം
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റകരമായ നരഹത്യ ചുമത്തുന്നതില്‍ നിയമോപദേശം തേടി അന്വേഷണ സംഘം.
ഇത് സംബന്ധിച്ച് ജില്ലാ ഗവ.പ്ലീഡര്‍ക്ക് പോലീസ് ഉദ്യോഗസ്ഥർ കത്ത് നല്കി. അസ്വാഭാവിക മരണം സംബന്ധിച്ച വകുപ്പിലാണു പോലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
അതേസമയം, കേസില്‍ സ്കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി. എന്‍ജിനീയര്‍ എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് അസി. എന്‍ജിനിയറെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
മൈനാഗപ്പള്ളി പഞ്ചായത്ത് അസി. എന്‍ജിനിയര്‍ക്കും മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ ശേഷമേ അന്തിമ പ്രതിപ്പട്ടിക തയാറാക്കുകയുള്ളൂ. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.