പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം; സ്വാതന്ത്ര്യദിന ആഘോഷം ആശ്രാമം മൈതാനത്ത്
1578495
Thursday, July 24, 2025 6:16 AM IST
കൊല്ലം: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം ആശ്രാമം മൈതാനത്ത് നിറപകിട്ടാര്ന്നചടങ്ങുകളോടെ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം ജി. നിര്‍മല്‍ കുമാറിന്റെഅധ്യക്ഷതയില് ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാകും പരിപാടികള്‍. പ്ലാസ്റ്റിക്നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്പനയും പ്രദര്‍ശനവും നിരോധിച്ചു.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശംനല്‍കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍സി.സി, സ്കൗട്ട് ആന്റ്ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ഓഗസ്റ്റ് 11, 12 തീയതികളിലും ഡ്രസ് റിഹേഴ്സല്‍ 13നും നടത്തും.
പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് ലഭ്യമാക്കുന്നതിന് ആര്‍ടിഒയ്ക്കാണ് ചുമതല. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്സഹിതം ആരോഗ്യസംഘമുണ്ടാകും. വിദ്യാഭ്യാസ-വ്യാപാരസ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് യോഗനിര്ദേശം. സബ് കളക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.