സൗരോർജ വേലി തകർന്നു; ആദിവാസികളടക്കം നൂറുകണക്കിനു കുടുംബങ്ങൾ വന്യമൃഗ ഭീഷണിയിൽ
1578480
Thursday, July 24, 2025 6:05 AM IST
കുളത്തൂപ്പുഴ: ഒരു മാസം മുൻപ് കിഴക്കന്‍ മലയോര മേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന സൗരോർജ വേലി (ഹാങ്ങിങ് ഫെന്‍സിങ്) പ്രവർത്തന സജ്ജമാക്കാൻ അധികൃതർ അനാസ്ഥ കാട്ടുന്നത് മൂലം നൂറുകണക്കിനു കുടുംബങ്ങൾക്കുള്ള ഏക യാത്രമാര്‍ഗമായ അമ്പതേക്കര്‍ വന പാതയും അതുമായി ബന്ധപ്പെട്ട ആദിവാസി സങ്കേതങ്ങളടക്കമുള്ള നൂറുകണക്കിനു കുടുംബങ്ങൾ വന്യ മൃഗ ഭീഷണിയിലാണ്.
പാതയോരത്ത് നിന്നിരുന്ന മരം കടപുഴകി വീണ് തകര്‍ന്ന സൗരോർജ വേലി പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് ത്രിതല പഞ്ചായത്തുകളുടെ സഹകണത്തോടെ വനാവരണം പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത്തിനാലു ലക്ഷം രൂപ മുടക്കി ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ അമ്പലക്കടവ് മുതല്‍ അമ്പതേക്കര്‍ വരെ പാതയോരത്തോട് ചേർന്നായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്.അമ്പതേക്കര്‍ ഗ്രാമത്തിലേക്കും വില്ലുമല, കുളമ്പി, രണ്ടാംമൈല്‍ തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലക്കടക്കമുള്ള നൂറുകണക്കിനു കുടംബങ്ങള്‍ക്കുള്ള ഏക യാത്രമാർഗമാണ് അമ്പതേക്കര്‍ വന പാത എന്നതാണ് എടുത്ത് പറയേണ്ടത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യവാരത്തില്‍ പ്രദേശത്ത് വീശിയടിച്ച കാറ്റില്‍ പാതയോരത്ത് നിന്നിരുന്ന കൂറ്റന്‍ അക്കേഷ്യ മരം കടപുഴകി പാതക്ക് കുറുകെ വീണു വൈദ്യുതി ലൈൻ തകരുകയായിരുന്നു. വൈദ്യുതി ലൈന്‍ തകര്‍ത്തുകൊണ്ട് അക്കേഷ്യ മരം വീണത് ഈ വേലിക്കു മുകളിലേക്കായിരുന്നു. ഇതോടെ വേലി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകളും വൈദ്യുതി കടന്നുപോകുന്ന കമ്പികളും പൊട്ടി തകര്‍ന്നു.
പ്രദേശത്തെ കുട്ടി വനത്തില്‍ അനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നിയടക്കമുളള മറ്റു മൃഗങ്ങളുടെയും നിരന്തര സാന്നിദ്ധ്യമുള്ളതിനാലും കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടി തകര്‍ന്ന സൗരോർജ വേലിക്ക് സമീപം കാട്ടാനക്കൂട്ടത്തെ നാട്ടുകാർ കാണുകയും ചെയ്തതോടെ പ്രദേശവാസികള്‍ ഒന്നടങ്കം ഭയപ്പാടിലാണ്.
ഈ വഴി കടന്നു പോകുന്ന പാതയിൽ ഏത് സമയത്തും കാട്ടാന കൂട്ടത്തെയും കാട്ടുപോത്തിനെയും കാണാൻ കഴിയുന്നതാണ് ബൈക്ക് യാത്രക്കാരെയും സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളെയും ഭയപ്പെടുത്തുന്നത്.
കാട്ടാനയുടെ ഉപദ്രവം ഭയന്ന് പകൽ സമയങ്ങളിലും പോലും ഒറ്റയ്ക്ക് സഞ്ചരിക്കുവാൻ നാട്ടുകാർക്ക് ഭയമാണ്.സൗരോർജ വേലി തകർന്നതോടെ ജനങ്ങൾക്ക് ബാക്കി ഉണ്ടായിരുന്ന സുരക്ഷിതത്വമാണ് നഷ്ടമായിരിക്കുന്നത്. വേലി സ്ഥാപിക്കാന്‍ മാത്രമാണ് തുക അനുവദിച്ചിട്ടുള്ളതെന്നും സൗരോർജ വേലിയുടെ തുടര്‍ സംരക്ഷണത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ലെന്നും അധികൃതർ പറയുമ്പോൾ തീർത്തും ആശങ്കയിലായിരിക്കുന്നത് നാട്ടുകാരാണ്.
വനാവരണം പദ്ധതി ഉദ്ഘാടനം ചെയ്ത വനം വകുപ്പിനോ, പദ്ധതിക്കായി തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകള്‍ക്കോ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന അവസ്ഥയാണ് ഉള്ളത്.ലക്ഷങ്ങള്‍ മുടക്കി കൊട്ടിഘോഷിച്ച് വന്യമൃഗങ്ങളിൽ നിന്ന് ഈ പ്രദേശത്തെ ജനത്തിനു സംരക്ഷണം ഒരുക്കിയെന്നു കൊട്ടിഘോഷിച്ചവരെ ഇപ്പോൾ കണികാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തകർന്ന ഹാങ്ങിങ് ഫെന്‍സിങിന്റെ അറ്റകുറ്റപണിക്ക് ആരെ ബന്ധപ്പെടണമെന്നറിയാതെ കഷ്ടത്തിലായിരിക്കുകയാണ് നാട്ടുകാർ. പൊതുജനങ്ങളുടെ സുരക്ഷക്കെന്ന പേരു പറഞ്ഞ് നികുതി പണം ചിലവഴിക്കാനുള്ള മാർഗം മാത്രമായിരുന്നോ പദ്ധതിയെന്ന ചോദ്യമാണ് നാട്ടുകാർ ഒന്നടങ്കം ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്.