കനത്ത മഴ; ഏരൂരില്‍ വീട് ഇടിഞ്ഞുവീണു
1578739
Friday, July 25, 2025 6:29 AM IST
അഞ്ചല്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഏരൂരില്‍ വീട് ഇടിഞ്ഞുവീണു. മണലില്‍ പള്ളിമുക്ക് മധു മന്ദിരത്തില്‍ ആശയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കനത്ത മഴയിലും കാറ്റിലും വീട് നിലംപൊത്തുകയായിരുന്നു. വീട് ഇടിഞ്ഞ സമയത്ത് ആശയും രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗവും സിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആശയേയും കുടുംബത്തെയും തല്ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വാടക വീട് ക്രമീകരിച്ചാല്‍ വാടക നല്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് അറിയിച്ചു.
പി.എസ്. സുപാല്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നു പുനലൂര്‍ തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ആശയ്ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.