സ്കൂളിന് സമീപത്തെ തെരുവുനായകൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു
1578733
Friday, July 25, 2025 6:29 AM IST
കൊട്ടിയം:കണ്ണനല്ലൂർ ജംഗ്ഷനിലെ യുപി സ്കൂളിന് സമീപം തമ്പടിക്കുന്ന തെരുവ് നായകൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുന്നു. എകെഎൽ എം യുപി സ്കൂളിന് സമീപമാണ് തെരുവുനായ്ക്കളുടെ കൂട്ടം.
ചെറിയ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് ഒറ്റയ്ക്കോ സ്വാതന്ത്ര്യത്തോടെയോ സ്കൂളിൽ എത്താനോ തിരിച്ചു പോകാനോ കഴിയാത്ത അവസ്ഥയാണ്. കൂട്ടമായി തമ്പടിച്ചിരിക്കുന്ന തെരുവുനായകൾ എപ്പോഴും കുട്ടികളെ ആക്രമിക്കാമെന്ന ഭീതിയിലാണ് കുട്ടികളും രക്ഷാകർത്താക്കളും.
മുതിർന്നവരും ആശങ്കയോടെയാണ് ഈ ഭാഗത്തുകൂടി നടന്നു പോകുന്നത്. പലർക്കും ഒറ്റയ്ക്ക് പോകാൻ തന്നെ പേടിയാണ്. കൂട്ടത്തോടെ പാഞ്ഞടുക്കുന്ന തെരുവ്നായകളിൽ നിന്നും പലരും ഓടി രക്ഷപ്പെടുകയാണ് പതിവ്.
ഇരു ചക്രവാഹനക്കാരുടെ അവസ്ഥയും ഇതു തന്നെയാണ്. നായകൾ എപ്പോൾ വേണമെങ്കിലും ഇരുചക്ര വാഹനത്തിന് കുറുകെ ചാടുമെന്ന സ്ഥിതിയിലാണ്.
സ്കൂൾ പരിസരത്തെ റോഡിൽ കൂട്ടത്തോടെ തെരുവ് നായ്ക്കൾ തമ്പടിച്ചിട്ടുംഅധികൃതർ കണ്ടമട്ടില്ല.പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.