കടൽ മണൽ ഖനനത്തിനെതിരേ പ്രക്ഷോഭം ശക്തമാക്കുന്നു
1578972
Saturday, July 26, 2025 6:37 AM IST
കൊല്ലം: കടൽ മണൽ ഖനനത്തിന് എതിരേയുള്ള സമരം വീണ്ടും ശക്തമാക്കാൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് തീരുമാനം. ദേശീയ തലത്തിൽ അടക്കം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി നൂറുകണക്കിന് മത്സ്യതൊഴിലാളികൾ 28 ന് കൊല്ലം പോർട്ട് ഓഫീസ് ഉപരോധിക്കും. എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം കൊല്ലം പരപ്പിലാണ് ആദ്യം കടൽ മണൽ ഖനനം നടക്കുക. ഇക്കാരണത്താലാണ് കൊല്ലം കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നതെന്ന് കെപിസിസി രാഷ്്ട്രീയ കാര്യ സമിതി അംഗവും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ടെണ്ടർ രേഖകൾ ഇതിനകം നൽകി കഴിഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിഷേധം തിരിച്ചറിഞ്ഞ് ഖനനത്തിന്റെ ടെണ്ടർ നടപടികളിൽ നിന്ന് ഇന്ത്യയിലെ പല കോർപറേറ്റ് കമ്പനികളും മാറി നിന്നപ്പോൾ വിദേശ കോർപറേറ്റ് കമ്പനികളെകേന്ദ്ര സർക്കാർ ക്ഷണിച്ച് കൊണ്ടുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു.കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പ്രകാരം നിരക്കുകളും വ്യവസ്ഥകളും അറിയിച്ച് ടെണ്ടർ രേഖകൾ നൽകേണ്ട തീയതി നിശ്ചയിച്ചിരിക്കുന്നത് ഈ മാസം 28നാണ്.
യോഗ്യതയുള്ളവരെ ഓഗസ്റ്റ് 21 നും സെപ്റ്റംബർ രണ്ടിനും മധ്യേ തെരത്തെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിയെ സെപ്റ്റംബർ എട്ടിന് പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.കടൽ മണൽ ഖനനവും ആഴക്കടൽ മത്സ്യബന്ധനവും കോർപറേറ്റ് കമ്പനികളെ ഏൽപ്പിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ മരണമണി മുഴങ്ങും.
ബ്ലൂ ഇക്കണോമിയുടെ പേരിൽ കടലിനെ കൊള്ളയടിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ചങ്ങാത്ത മുതലാളിമാരെ സംരക്ഷിക്കുകയാണെന്ന് പ്രതാപൻ ആരോപിച്ചു.കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ എന്തു വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കും.
കടൽ മണൽ വിഷയത്തിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം ബോധപൂർവമായ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ സർവകക്ഷി സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ പ്രതിഷേധവും ആശങ്കകളും അറിയിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് യേശുദാസൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
മത്സ്യത്തൊഴിലാളികളെ അവഗണിച്ചാൽ നേരിടും: ബിഷപ്
കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. കടൽ മണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുൻ അഖിലേന്ത്യപ്രസിഡന്റും മുൻഎംപിയുമായ ടി.എൻ. പ്രതാപൻ കൊല്ലം ബിഷപ് ഹൗസിലെത്തി ഡോ. പോൾ ആന്റണി മുല്ലശേരിയുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബിഷപ്.
മത്സ്യത്തൊഴിലാളികളുടെ വിഷയം രാഷ്്ട്രീയ മത ഭേദമന്യേ ഭരണ കേന്ദ്രങ്ങളിൽ ഉയർത്തണമെന്നും ബിഷപ് ചർച്ചയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജി. ലീല കൃഷണൻ, ജില്ലാ പ്രസിഡന്റ് എ.എഫ്. യേശുദാസൻ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.