തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകണം: ഐഎൻടിയുസി
1578979
Saturday, July 26, 2025 6:43 AM IST
ചവറ : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന് ഐ എൻ ടി യുസി ജില്ലാ ജനറൽ സെക്രട്ടറി ആർ. ജയകുമാർ ആവശ്യപ്പെട്ടു.
തേവലക്കര പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയ്തുകൊണ്ടിരുന്ന ജോലികളിൽ ഭൂരിപക്ഷവും കേന്ദ്ര നിബന്ധനകളെ തുടർന്ന് പുറത്തായതോടെ തൊഴിലുറപ്പ് പദ്ധതി കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്നും ആവർത്തന സ്വഭാവമുള്ള പദ്ധതികൾ നടപ്പാക്കരുതെന്നും തരിശു ഭൂമിയെ കൃഷി യോഗ്യമാക്കുന്നതിനു മുൻപ് സാക്ഷ്യപത്രം നൽകണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ആണ് പദ്ധതിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.
ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അധ്യക്ഷനായി .അനിൽ കുമാർ, ശിവൻകുട്ടി പിള്ള, സെബാസ്റ്റ്യൻ ആംബ്രോസ്,റിയാസ് ഖാൻ, ടൈറ്റസ് തെക്കുംഭാഗം, മോഹൻ കോയിപ്പുറം, ജോളി, ഷീബ , ഷൈനി ഗ്രേസി തുടങ്ങിയവർ പ്രസംഗിച്ചു.