കായംകുളം - പുനലൂർ സംസ്ഥാന പാതയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു
1450286
Wednesday, September 4, 2024 3:10 AM IST
അടൂർ: സംസ്ഥാന പാതയായ കായംകുളം - പുനലൂർ റോഡിൽ ടാറിംഗ് ഭാഗം ഇടിഞ്ഞ് താഴ്ന്നു. സെൻട്രൽ ജംഗ്ഷന് കിഴക്ക് ഭാഗത്താണ് റോഡ് അപകടഭീഷണിയിലായത്.
ഇതുമൂലം ഇരുചക്രവാഹനങ്ങൾ പോകുമ്പോൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നുണ്ട്. വലിയ വാഹനങ്ങൾ വേഗത്തിൽ വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയാനും സാധ്യതയുണ്ട്. തമിഴ്നാടിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഏതു സമയവും തിരക്കാണ്. തൂത്തുക്കുടി പോർട്ടിൽനിന്നും ചരക്ക് ലോറികൾ ഇതുവഴിയാണ് കടന്നു പോകുന്നത്.
കൂടാതെ തെങ്കാശി, ചെങ്കോട്ട, സാംബവർ വടകര, ചുരണ്ട എന്നിവിടങ്ങളിൽനിന്ന് പൂവണ്ടികളും പച്ചക്കറിയുമായി വരുന്ന വാഹനങ്ങളുംകേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്.
നിരവധി കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ റൂട്ടുകളും ഇതുവഴിയുണ്ട്. ദേശീയ നിലവാരത്തിൽ നിർമിച്ച റോഡാണിത്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.