ആശങ്കയിൽ മലയോരം; പട്ടാപ്പകലും കാട്ടാന
1581148
Monday, August 4, 2025 3:55 AM IST
റാന്നി: തലച്ചിറ മുക്കുഴി ജംഗ്ഷനിൽ പട്ടാപ്പകലും കാട്ടാന. മുക്കുഴി ജംഗ്ഷനിലേക്ക് വടശേരിക്കര - പത്തനംതിട്ട റൂട്ടിലെ സ്വകാര്യബസ് എത്തുന്നതിനു തൊട്ടുമുന്പാണ് ഇന്നലെ ഉച്ചയോടെ ആന റോഡിലേക്കിറങ്ങിയത്. റോഡ് മുറിച്ചു കടന്ന ആന സമീപ പുരയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. ജനവാസ മേഖലയിലൂടെ ഹാലിളകി ഓടുന്ന ആനയെ ഇതുവഴിയെത്തിയ ടിപ്പർ ലോറിയുടെ ഡ്രൈവറാണ് ആദ്യം കണ്ടത്.
ടിപ്പർ റോഡിലിട്ട് അദ്ദേഹം മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ റോഡിൽ ജനത്തിരക്ക് കുറവായിരുന്നു. വടശേരിക്കര ഒളികല്ല് ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായുണ്ട്. ഇതിനിടെയാണ് പട്ടാപകലും ഇവ ജനവാസ മേഖലകളിലേക്കിറങ്ങിയിട്ടുള്ളത്.
കഴിഞ്ഞ കുറെനാളുകളായി നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല, വീടുകൾക്കും നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. തെങ്ങ്, പ്ലാവ്, കമുക് തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുകയാണ്. ഏത്തവാഴ അടക്കം കാർഷികവിളകളും നശിപ്പിച്ചു.
വാഴകളും മറ്റും കുഴിച്ചു വച്ചാലുടൻ ചവിട്ടിമെതിച്ചും പിഴുതെടുത്തും നശിപ്പിക്കുന്നു. ചേമ്പ്, ചേന, കപ്പ തുടങ്ങിയ കാർഷികവിളകളൊന്നും ഇപ്പോൾ കർഷകർ കൃഷി ചെയ്യുന്നില്ല. ഗ്രാമീണ റോഡുകളിലും ബസ് റൂട്ടുകളുള്ള സ്ഥലങ്ങളിലും പട്ടാപ്പകൽ ആന ഇറങ്ങിയത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നു.
ആനകളുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ അങ്കലാപ്പിലാണ്. കുട്ടികളെ സ്കൂളിൽ അയക്കാനും മറ്റും ഏറെ ഭയപ്പെടുകയാണ്. പ്രമോദ് നാരായണൻ എംഎൽഎ ഇടപെട്ട് ഫോറസ്റ്റ് സ്പെഷൽ ടീമിനെ കഴിഞ്ഞ ദിവസം ഇവിടേക്കു നിയോഗിച്ചിരുന്നെങ്കിലും പ്രയോജനപ്പെടുന്നില്ല.