പുല്ലാട്ട് ഭാര്യ കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഒളിവിൽ
1581414
Tuesday, August 5, 2025 3:15 AM IST
കോഴഞ്ചേരി: വീട്ടുവഴക്കിനിടെ യുവതി കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിനായി അന്വേഷണം വിപുലപ്പെടുത്തി. സംഭവത്തിനിടെ കുത്തേറ്റ ഭാര്യാപിതാവിന്റെ നില ഗുരുതരം.
പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളാണ് (ശ്യാമ - 35) കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അജികുമാര്‍ ഒളിവിലാണ്. വീട്ടുവഴക്കിനിടെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് അജികുമാര്‍ ശനിയാഴ്ച രാത്രി ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കഴിയവേ ഞായറാഴ്ച രാവിലെ ശാരിമോള്‍ മരിച്ചു. തടസംപിടിക്കാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഗുരുതരാവസ്ഥയില്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്. ഇവരില്‍ ശശി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രാധാമണി സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണ് താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും മറ്റും കേട്ട് ഓടിയെത്തുകയായിരുന്നു ഇവർ.
അജികുമാറിനെതിരേ മുമ്പും പരാതികള്‍
ഭര്‍ത്താവ് അജികുമാറില്‍ നിന്നും ശാരിമോള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറുതവണ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെത്തി ശല്യം ചെയ്യരുതെന്ന് പോലീസ് താക്കീത് ചെയ്തിരുന്നു. ഇതനുസരിച്ച് ആറുമാസം ഇയാള്‍ മാറിനില്‍ക്കുകയും ചെയ്തു.
വെല്‍ഡറായി ജോലി ചെയ്യുന്ന അജി കുമാര്‍ (38) കവിയൂര്‍ സ്വദേശിയാണ്. ലഹരിക്കടിമയായ ഇയാളുമായി ബന്ധപ്പെട്ട് കോയിപ്രം സ്റ്റേഷേനില് മറ്റു നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തേതുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി നാട്ടുകാരും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അന്വേഷണച്ചുമതല ഏറ്റെടുത്തു. ഞായറാഴ്ച അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളെടുത്തു.
അനാഥമായത് മൂന്ന് ബാല്യങ്ങള്‍
അച്ഛന് അമ്മയെ കുത്തിക്കൊന്നതോടെ അനാഥമായത് മൂന്ന് പിഞ്ചു ബാല്യങ്ങളാണ്. അജികുമാര്‍ - ശാരിമോള്‍ ദമ്പതികളുടെ മൂത്തമകള്‍ ആവണി ആറാം ക്ലാസിലും രണ്ടാമത്തെ കുട്ടി വേണി മൂന്നിലും ഇളയകുട്ടി ശ്രാവണി എല്‍കെജിയിലുമാണ് പഠിക്കുന്നത്.
ഇളയ രണ്ട് കുട്ടികളും പുല്ലാട് എംടിഎല്‍പി സ്കൂളിലെ വിദ്യാര്‍ഥിനികളാണ്. ഇതേ സ്കൂളിലെ പിടിഎ പ്രസിഡന്റുകൂടിയായിരുന്നു മരിച്ച ശാരിമോൾ. സ്കൂളിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങളുടെ കണ്മുമ്പിലാണ് ശാരിമോള്‍ക്ക് മര്‍ദനവും കുത്തുമേറ്റത്. കുട്ടികളുടെ കരച്ചില് കേട്ടാണ് സമീപവാസിയായ രാധാമണിയും ശശിയും ഓടിയെത്തിയത്.