ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു
1581159
Monday, August 4, 2025 4:00 AM IST
കോഴഞ്ചേരി: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ 3.5 പവൻ തൂക്കമുള്ള സ്വർണ മാല പൊട്ടിച്ചു കടന്നു. കോഴഞ്ചേരി മേലേപീടികയില്‍ ഉഷ ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന മാലയാണ് അപഹരിച്ചത്.
ഇന്നലെ രാവിലെ 7.30ന് പള്ളിയിലേക്ക് പോകുമ്പോള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപം വച്ചാണ് സംഭവം. ഉഷ വരുന്നതുനോക്കി ഇവര്‍ റോഡ് വശത്തായി ഇരുചക വാഹനത്തില്‍ ഇരിക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ പുറകില്‍ കൂടിചെന്ന് കഴുത്തിലെ മാലയില്‍ പിടിച്ചെങ്കിലും പെട്ടെന്ന് പൊട്ടിക്കാന്‍ കഴിഞ്ഞില്ല. മല്‍പിടുത്തതിനിടയില്‍ വീട്ടമ്മയും ഇയാളും നിലത്തു വീണു.
ബഹളം കേട്ട് സമീപത്തുള്ള വീടിന്റെ ഉടമയായ ജോജി കാവുംപടിക്കല്‍ ഓടിയെത്തി ഇയാളെ പിടിച്ച് കീഴ്പ്പെടുത്താന്‍ നോക്കിയെങ്കിലും പാന്റിന്റെ പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് കുത്താന്‍ തുടങ്ങിയതോടെ പിടി വിടുകയായിരുന്നു. ഈ സമയം ബൈക്ക് സ്റ്റാര്‍ട്ടാക്കി നിന്നിരുന്നയാള് ബഹളത്തില്‍ ഹെല്‍മറ്റും ബൈക്കും കളഞ്ഞ് ഓടി.
സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവ് സ്റ്റാര്‍ട്ടാക്കി കിടന്ന ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത ആറന്മുള പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. സമീപത്തുള്ള വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു.
മേലേപീടികയിൽ ഭാഗത്തേക്ക് പോലീസ് പട്രോളിംഗ് കുറച്ചതോടെ സാമൂഹ്യവിരുദ്ധ ശല്യം ഏറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.