പൊതുവിദ്യാഭ്യാസം ആത്മഹത്യാവകുപ്പായി: കെപിഎസ്ടിഎ
1581396
Tuesday, August 5, 2025 3:14 AM IST
പത്തനംതിട്ട: അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആത്മഹത്യയിലൂടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ആത്മഹത്യാവകുപ്പായി മാറിയിരിക്കുകയാണെന്ന് കെപിഎസ്ടിഎ. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി രേഖകള്‍ തയാറാക്കി നല്കി വര്‍ഷങ്ങള്‍ കാത്തിരുന്നാലും നിയമനാംഗീകാരം നല്‍കാതെയും യഥാസമയം ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാതെയും അധ്യാപകരെയും ആശ്രിതരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിദ്യാഭ്യാസ വകുപ്പ് കേരളത്തെ ശവപ്പറമ്പാക്കി മാറ്റുകയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
കടുത്ത ഇടതുപക്ഷ വിശ്വാസി ആയിരുന്നിട്ടും 13 വര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ പോയ അധ്യാപിക, സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ല എന്ന തിരിച്ചറിവില്‍ ഹൈക്കോടതിയെ സമീപിച്ചതിനേ തുടര്‍ന്ന് തടഞ്ഞുവച്ച നിയമനാംഗീകാരം ഉടന്‍ നല്‍കാനും നാളിതുവരെയുള്ള കുടിശിക ലഭ്യമാക്കാനും ഉത്തരവിട്ടു.
കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയാറാകാതിരുന്നതിനേ തുടര്‍ന്ന് പലതവണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മന്ത്രിയെ സമീപിക്കുക വരെ ചെയ്തു. എന്നിട്ടും നിയമനാംഗീകാരം നീട്ടിക്കൊണ്ടു പോവുകയും കുടിശിക നല്‍കാതിരിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പാണ് അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി. ടി. ഷിജോയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് അസോസിസേഷന്‍ കുറ്റപ്പെടുത്തി.
വ്യവസ്ഥാപിതമായ ഒഴിവുകള്‍ ഭിന്നശേഷിക്കായി നീക്കിവച്ചിട്ടും ചുവപ്പുനാടയില്‍ കുടുങ്ങി നിയമനാംഗീകാരത്തിനായി കാത്തുനില്ക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ മാനദണ്ഡം പാലിച്ചിട്ടുള്ള മുഴുവന്‍ നിയമനങ്ങള്‍ക്കും അടിയന്തരമായി അംഗീകാരവും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുകയും ചെയ്യണമെന്ന് കെപിഎസ്ടി ആവശ്യപ്പെട്ടു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജും സെക്രട്ടറി വി.ജി. കിഷോറും കുറ്റപ്പെടുത്തി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിരമിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും ഡി ഇ ഒ നിയമനം നടത്താത്തത് വകുപ്പിലെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അവര്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണം: എന്‍ടിയു
പത്തനംതിട്ട : നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയുടെ 13 വര്‍ഷത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുകയും അതുമൂലം ഭര്‍ത്താവ് മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നിയമന അംഗീകാരത്തിലുള്ള പിഴവുകള്‍ പരിഹരിച്ച് നല്കുവാന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എന്‍ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമാന സ്വഭാവമുള്ള നിരവധി പ്രശ്നങ്ങള്‍ ജില്ലയില്‍ നിലവിലുണ്ടെന്നും അവയ്ക്ക് പരിഹാരം കണ്ടെത്തണമെന്നും ജില്ലാ പ്രസിഡന്റ് മനോജ് ബി നായർ, സെക്രട്ടറി വിഭു നാരായണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.