പെരുമ്പെട്ടി പട്ടയം അട്ടിമറിനീക്കം; സര്‍വേ ഓഫീസില്‍ പ്രതിഷേധം
1581415
Tuesday, August 5, 2025 3:15 AM IST
പെരുമ്പെട്ടി: ഡിജിറ്റല്‍ സര്‍വേ നടപടി പൂര്‍ത്തീകരിച്ചു വിജ്ഞാപനം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ കര്‍ഷകര്‍ക്കു പട്ടയം ലഭിക്കുന്നതു തടയാനുള്ള നീക്കത്തിനെതിരേ താക്കീതുമായി നാട്ടുകാർ രംഗത്ത്. പെരുമ്പെട്ടി പൊന്തന്‍പുഴ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ പെരുമ്പെട്ടി ഡിജിറ്റല്‍ സര്‍വേ ഓഫീസിലേക്കു മാര്‍ച്ച് നടത്തി.
പൊന്തന്‍പുഴ, വലിയകാവ് വനത്തിന്റെയും പെരുമ്പെട്ടി വില്ലേജില്പെട്ടു റവന്യൂ ഭൂമിയുടെയും റീ സര്‍വേ നടപടി ഏറെക്കുറെ പൂര്‍ത്തീകരിച്ചിരിക്കേ സ്വകാര്യ വ്യക്തി വനഭൂമിയില്‍ അവകാശം സ്ഥാപിച്ചു കിട്ടാന്‍ നല്കിയ പരാതിയുടെ പേരില്‍ വീണ്ടും സര്‍വേ നടത്താന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയതിനെ അപലപിച്ചാണ് കര്‍ഷകര്‍ രംഗത്തിറങ്ങിയത്.
പുതിയ അവകാശവാദം
പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പെരുമ്പെട്ടി കര്‍ഷകരുടെ പ്രശ്നം ഡിജിറ്റല്‍ സര്‍വേ നടത്തി പരിഹരിക്കാന്‍ റവന്യൂമന്ത്രിതന്നെ നേരിട്ട് ഇടപെട്ടിരുന്നു. പെരുമ്പെട്ടി വില്ലേജിലെ റീസര്‍വേ നടപടി വേഗത്തിൽ പൂര്‍ത്തീകരിക്കുകയും ചെയ്തു.
അന്തിമ വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശമുണ്ടായതിനു പിന്നാലെയാണ് തര്‍ക്കങ്ങളുയര്‍ത്തി ചിലര്‍ രംഗത്തുവന്നത്. മുമ്പ് വലിയകാവ് വനഭൂമിയുമായി ബന്ധപ്പെട്ട് അവകാശവാദം ഉന്നയിച്ച വ്യക്തികള്‍ തന്നെയാണ് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ സ്ഥലം അളന്നു തിരിക്കണമെന്ന ആവശ്യവുമായി റവന്യൂ വകുപ്പിനെ സമീപിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: രാജു ഏബ്രഹാം
പെരുമ്പെട്ടി: പെരുമ്പെട്ടി പട്ടയവിഷയത്തിനു ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കേ അതിനെ തടയാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കപ്പെടേണ്ടതുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പെരുമ്പെട്ടി ഡിജിറ്റല്‍ സര്‍വേ ഓഫീസിലേക്കു നടന്ന കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉത്തരവ് അവഗണിക്കുകയും കര്‍ഷകരുടെ അവകാശം നിഷേധിക്കുകയും ചെയ്തുകൊണ്ട് വനത്തിനുമേല്‍ വ്യാജ അവകാശവാദം ഉന്നയിക്കുന്ന വ്യക്തികളെ സഹായിക്കാന്‍ ചില ഉന്നതോദ്യോഗസ്ഥര്‍ ഗൂഢശ്രമ നടത്തുന്നതായ ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. ഇതു പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് രാജു ഏബ്രഹാം പറഞ്ഞു.
പട്ടയം വേഗത്തില്‍ ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് നല്‍കിയിട്ടുള്ള ഉത്തരവുകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം പ്രാദേശിക നേതാക്കളായ ഇ. കെ. അജി, പ്രിന്‍സ് കെ. രാജൻ, കേരള കോണ്‍ഗ്രസ്- എം കൊറ്റനാട് മണ്ഡലം പ്രസിഡന്റ് കോശി ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗം സന്തോഷ് പെരുമ്പെട്ടി, ജെയിംസ് കണ്ണിമല എന്നിവര്‍ പ്രസംഗിച്ചു.
ഉദ്യോഗസ്ഥരുടെ മൗനം ദുരൂഹം
വനഭൂമിയും കര്‍ഷക ഭൂമിയും തമ്മില്‍ വ്യക്തമായി ഡിജിറ്റല്‍ സര്‍വേയില്‍ വേര്തിരിക്കപ്പെട്ടെങ്കിലും റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നു കര്‍ഷകര്‍ പറയുന്നു.
പെരുമ്പെട്ടി വില്ലേജില്‍ തനിക്ക് 432.5 ഏക്കര്‍ ഭൂമി ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഹരിപ്പാട് സ്വദേശിനി രാജമ്മ നല്കിയ കേസിന്റെ വിധി നടപ്പിലാക്കാനാണ് വീണ്ടും സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ റീ സര്‍വേയുടെ അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പ് ഇത്തരം ഒരു ഭൂമി പരിശോധന നടന്നാല്‍ 1994ലെ തെറ്റായ രേഖകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് ആയിരിക്കും കോടതിയില്‍ എത്തുക.
നേരത്തേ ഈ കേസ് കോടതി പരിഗണിച്ചപ്പോഴും ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്. അതുകൊണ്ട് ആദ്യം ഡിജിറ്റല്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കിയ ശേഷം വേണം കോടതിവിധി നടപ്പിലാക്കാനെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുമ്പെട്ടിയിലെ കര്‍ഷകര്‍ക്കുള്ള പട്ടയും ഈ തിരുവോണത്തിന് മുന്‍പ് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അതിനുള്ള വേഗത്തിൽ നടപടി പുരോഗമിക്കുന്നില്ല എന്ന പരാതിയും കർഷകർക്കുണ്ട്.