ട്രാഫിക് ഡ്യൂട്ടിക്കു പോലീസില്ല ; പെറ്റിയിടാൻ ആവേശം
1581155
Monday, August 4, 2025 3:55 AM IST
പത്തനംതിട്ട: ജില്ലയിലെ പ്രധാന നഗരങ്ങളിൽപോലും ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലെന്നിരിക്കേ വഴിയോരങ്ങളിലൂടെ യാത്ര ചെയ്തു പെറ്റിയിടാൻ പോലീസിൽ ആവേശം. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പെറ്റിത്തുക ടാർഗറ്റ് ഇട്ടിരിക്കുന്നതിനാൽ ഇതു തികയ്ക്കാൻ വേണ്ടി മൊബൈൽ കാമറയുമായി പോലീസിന്റെ പരക്കം പാച്ചിലാണ്. ഇത്തരത്തിലുള്ള പിഴചുമത്തലുകൾ പലപ്പോഴും ആക്ഷേപങ്ങൾക്ക് ഇടനൽകുന്നു.
ഗതാഗത നിയമലംഘനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കാമറകൾ പലയിടത്തും പ്രവർത്തനക്ഷമമല്ലെന്നു പറയുന്നു. ഇതോടെയാണ് സ്വന്തം നിലയിൽ കാമറകളുമായി പോലീസ് നിരത്തിലിറങ്ങിയത്. ട്രാഫിക് ഡ്യൂട്ടിക്കു വരുന്ന പോലീസിനെയാണ് പെറ്റി ചുമത്തലിനായി പ്രധാനമായും നിയോഗിച്ചിട്ടുള്ളത്. ട്രാഫിക് ഡ്യൂട്ടിയിൽ ഹോം ഗാർഡിനെ നിയോഗിച്ചുകൊണ്ടാണ് പോലീസിനെ പിഴചുമത്തൽ ജോലികൾക്കു വിട്ടിരിക്കുന്നത്.
പത്തനംതിട്ട നഗരത്തിന്റെ പ്രധാന പോയിന്റുകളിൽ പലയിടത്തും പോലീസിനെ നിയോഗിച്ചിട്ടില്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും പോലീസ് സേവനം ലഭ്യമല്ല.
സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് ലോബിയും അഴിഞ്ഞാടുന്നെന്ന പരാതി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നു സ്ഥിരമായി ഉണ്ടാകാറുണ്ട്. കോഴഞ്ചേരി, റാന്നി, അടൂർ ടൗണുകളിലും ട്രാഫിക് ഡ്യൂട്ടിയിൽ പോലീസ് കുറവാണ്.
പ്രധാന നിരത്തുകളിലെ പാർക്കിംഗ് ഏരിയാകളിൽ വെള്ളവര കട്ട് ചെയ്തു പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കാണ് പ്രധാനമായും പെറ്റി വരുന്നത്. കഴിഞ്ഞദിവസം ട്രാഫിക് നിയമം പാലിച്ച് പത്തനംതിട്ട കോളജ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ ഇതേസമയം ഇരവിപേരൂരിൽ ട്രാഫിക് നിയമം ലംഘിച്ചു പാർക്ക് ചെയ്തുവെന്ന പേരിൽ പിഴ വന്നു. കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാറിന്റെ കാറിനാണ് പിഴ വന്നത്.
പിഎം റോഡിൽ മണ്ണാറക്കുളഞ്ഞി രണ്ടാം കലുങ്കിനു സമീപമുള്ള വെയ്റ്റിംഗ്ഷെഡിൽ രാവിലെ മുതൽ രണ്ട് പോലീസുകാരെ നിയോഗിച്ചാണ് പിഴ ചുമത്തുന്നത്. പാതയിൽ അപകടസാധ്യതയുള്ള ഈഭാഗത്ത് മഞ്ഞവര കട്ട് ചെയ്തു വരുന്ന വാഹനങ്ങളുടെ പടമെടുത്ത് പിഴയിടുകയാണ് ജോലി.
അപകടം ഒഴിവാക്കാനുള്ള സംവിധാനങ്ങൾ സ്വീകരിക്കാനോ സ്ഥിരമായി കാമറ ഏർപ്പെടുത്താനോ തയാറാകേണ്ടതിനു പകരമാണ് രണ്ട് ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ശബരിമല, റാന്നി പാതകൾ സന്ധിക്കുന്ന മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ പോലീസിനെ നിയോഗിച്ചിട്ടുമില്ല.